Friday
19 December 2025
29.8 C
Kerala
HomeWorldലോകത്ത് മൊബൈൽ ഇന്റർനെറ്റ് വേഗതയില്‍ ഒന്നാമതെത്തി ഖത്തർ; 105 ാം സ്ഥാനത്ത് ഇന്ത്യ

ലോകത്ത് മൊബൈൽ ഇന്റർനെറ്റ് വേഗതയില്‍ ഒന്നാമതെത്തി ഖത്തർ; 105 ാം സ്ഥാനത്ത് ഇന്ത്യ

ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാമതെത്തി ഖത്തര്‍. ലോകകപ്പ് ഫുട്ബോള്‍ നടന്ന നവംബറിലെ കണക്കുകളിലാണ് ഖത്തർ ഒന്നാമതെത്തിയത്. ഓക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് ആണ് റിപ്പോർട് തയ്യാറാക്കിയത്. നവംബറില്‍ 176.18 എംബി പെര്‍ സെക്കന്റ് ആയിരുന്നു ഖത്തറിലെ ഡൗൺലോഡ്‌ വേഗത. അപ്ലോഡിങ് വേഗത 25.13 ആയും ഉയർത്തി.

ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം ലോകകപ്പ് വേദികളിൽ ഒരുക്കിയിരുന്നു. 757.77എംബിപിഎസ് വരെ വേഗത്തില്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഡൌണ്‍ലോഡിങ് നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. റഷ്യന്‍ ലോകകപ്പിനേക്കാള്‍ ഏറെ ശക്തമായിരുന്നു ഖത്തറിലെ ഇന്റര്‍നെറ്റ് സംവിധാനമെന്ന് ബ്രോഡ്കാസ്റ്റിങ് ചാനലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

139.41 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയുമായി യുഎഇയാണ് രണ്ടാം സ്ഥാനത്ത്. 2021 നവംബറില്‍ ഏറ്റവും വേഗതയേറിയ മീഡിയന്‍ ഡൗണ്‍ലോഡ് സ്പീഡ് ഉള്ള രാജ്യം യുഎഇയായിരുന്നു. 131.54 എം.ബി.പി.എസ് ഡൗൺലോഡ് വേഗവുമായി നോർവെ മൂന്നാമതും ദക്ഷിണ കൊറിയ 118.76 എം.ബി.പി.എസ് ഡൗൺലോഡ് വേഗവുമായി നാലാം സ്ഥാനവും നേടി.

ഡെന്മാർക്ക് , ചൈന, നെതർലൻഡ്സ്, മക്കാവു, ബൾഗേറിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് യഥാക്രമം അഞ്ചു മുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ളത്. പുതിയ ലിസ്റ്റിലെ ആദ്യപത്തിൽ ഡെന്മാർക്ക്, മക്കാവു, ബ്രൂണെ എന്നിവ ഇടംപിടിച്ചപ്പോൾ 2021ലെ പട്ടികയിലുണ്ടായിരുന്ന സൗദി അറേബ്യ, സൈപ്രസ്, കുവൈത്ത് എന്നിവ പുറത്തായി.

ഈ വർഷത്തെ പട്ടികയിൽ 105 ആം സ്ഥാനത്താണ് ഇന്ത്യ. 18.26 എംബിപിഎസ് ആണ് ഡൗണ്‍ലോഡ് വേഗത. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 സ്ഥാനം മുന്നിലാണ് ഇന്ത്യ. ഇന്റർനെറ്റ് വേഗതയിൽ വളർച്ച പ്രാപിക്കുന്നുണ്ട് ഇന്ത്യ എന്നാണ് റിപ്പോർട് സൂചിപ്പിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments