‘ഗവര്‍ണറെ ഉപദേശിക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച് എംകെ സ്റ്റാലിന്‍

0
83

പോര് രൂക്ഷമായി തുടരുന്നതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വലിയ നീക്കം. ഗവര്‍ണറെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരുമായി ‘രാഷ്ട്രീയ-പ്രത്യയശാസ്ത്ര സംഘര്‍ഷത്തില്‍’ ഏര്‍പ്പെട്ടിരിക്കുന്ന ഗവര്‍ണറെ തടയണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തെ ഉപദേശിക്കണം. വിവിധ കാര്യങ്ങളില്‍ മന്ത്രിസഭാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും സ്റ്റാലിന്‍ പറയുന്നു.

പ്രസംഗത്തിന്റെ കരട് പകര്‍പ്പ് ജനുവരി ഏഴിന് ഗവര്‍ണര്‍ക്ക് നല്‍കിയതായും അംഗീകാരം നേടിയതായും സ്റ്റാലിന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്ന് പല ഭാഗങ്ങളും ഒഴിവാക്കിയെന്നും അംഗീകൃത പകര്‍പ്പിന്റെ ഭാഗമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും കത്തില്‍ അവകാശപ്പെട്ടു. രാഷ്ട്രം ആദരിക്കുന്ന നിരവധി നേതാക്കളുടെ പേരുകള്‍ പറയുന്നത് ഗവര്‍ണര്‍ ഒഴിവാക്കിയതായി കാണിക്കാനാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ രവിക്ക് ഭരണഘടനക്ക് വിരുദ്ധമായ ചില ആശയപരമായ കലഹമുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. ചെറിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് നിയമസഭയില്‍ പാസാക്കിയ നിരവധി ബില്ലുകള്‍ക്ക് ഗവര്‍ണര്‍ രവി അനുമതി നല്‍കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വസ്തുതയും അദ്ദേഹം എടുത്തുപറഞ്ഞു. പ്രശ്‌നത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും മന്ത്രിസഭയുടെ മാര്‍ഗനിര്‍ദേശവും ഭരണഘടനയും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സുപ്രധാന വിഷയങ്ങള്‍ എടുത്തുകാണിച്ച മുഖ്യമന്ത്രിയുടെ കത്ത് മന്ത്രി എസ്.റെഗുപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിക്ക് കൈമാറിയത്.