ഒരു വർഷം മുമ്പ് ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ അഫ്സലും ബിലാലും സൗദിയിലെ ദമ്മാമിൽ എത്തി. കാസർഗോട് നായ്മർ മൂല സ്വദേശികളാണ് ഇബ്രാഹിം ബിലാലും , മുഹമ്മദ് അഫ്സലും. ദുബായ്‌യും, ഖത്തറും ഒമാനും കഴിഞ്ഞ് സൗദിയിലെ ദമ്മാമിൽ ഇന്നലെയാണ് എത്തിയത്.
യു.എ.ഇയിലോ സൗദിയിലോ ഒരു തരത്തിലുമുള്ള യാത്രാതടസ്സങ്ങൾ ഉണ്ടായില്ലെന്നും അതിർത്തികളിൽ സ്‌നേഹപൂർണമായ സമീപനമായിരുന്നെന്നും അഫ്സൽ പറഞ്ഞു.ദമ്മാം, ജിദ്ദ, അബഹ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങൾ സന്ദർശിച്ച ശേഷം ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ജോർഡാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് ആഫ്രിക്കൻ വൻകരയിലേക്ക് കടക്കും. തങ്ങൾക്കും വാഹനത്തിനും ഒരേ പ്രായമാണെന്നും ഇവർ പറയുന്നു. ഇബ്രാഹീം ബിലാലിന് 21ഉം, മുഹമ്മദ് അഫ്‌സലിന് 22ഉം വയസ് ആണ് പ്രായം.
കഴിഞ്ഞ വർഷം നവംബറിൽ കാസർഗോട്ട് നിന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പതാക വീശി ഉദ്ഘാടനം ചെയ്ത യാത്ര 16,800 കിലോമീറ്റർ താണ്ടിയാണ് താണ്ടിയാണ് ദമ്മാമിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇരുചക്രത്തിൽ ചുറ്റി സഞ്ചരിച്ച ശേഷം വിമാന മാർഗം ദുബായിലെത്തി.
സ്കൂട്ടർ കപ്പലിലും ദുബായിൽ എത്തിച്ചു. ശേഷം വീണ്ടും ഇരുചക്രമേറി യു.എ.ഇ പൂർണമായും ചുറ്റിയടിച്ചു. റോഡ് മാർഗം സ്കൂട്ടറോടിച്ച് സൗദി അറേബ്യയിലേക്ക് കടന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്സ വഴിയാണ് റിയാദിൽ എത്തിയത്.
യാത്രക്കിടയിൽ ഒരു തവണ ഇരു ടയറുകളും മാറ്റിയിരുന്നു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഒരു ടയർ കൂടെ കരുതിയിട്ടുണ്ട്. ദിവസം 300 മുതൽ 350 കിലോമീറ്റർ വരെയാണ് യാത്രചെയ്യുക. പഴയ വാഹനം എന്നതിനാൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ മാത്രമേ യാത്രചെയ്യാനാകൂ.വീട്ടുകാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ഇരുവരും പറഞ്ഞു.