Saturday
20 December 2025
18.8 C
Kerala
HomeKeralaപൊലീസിലെ ക്രിമിനലുകളുടെ കാക്കി ഊരും തൊപ്പി തെറിക്കും; നിലപാട് കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

പൊലീസിലെ ക്രിമിനലുകളുടെ കാക്കി ഊരും തൊപ്പി തെറിക്കും; നിലപാട് കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

ക്രിമിനൽ കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരളാ പൊലീസ്. ബലാത്സംഗം ഉൾപ്പടെ നിരവധിക്കേസിൽ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആർ സുനുവിനെയാണ് ‍ നിന്ന് പിരിച്ചുവിട്ട ത്. ഈ നടപടി കേരള പോലീസിൽ ഉടച്ചുവാര്‍ക്കലിന് കളമൊരുക്കുന്നു എന്ന പ്രതീതിയാണ് സമ്മാനിക്കുന്നത്. പോലീസ് സേനയിലെ ക്രിമിനലുകളോട് സന്ധിയില്ലാ സമരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെല്ലാം കണക്കിന് പഴികേട്ട ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഇനിയും ഇത് ക്ഷമിക്കാന്‍ ഒരുക്കമല്ല.

സമാനതകളില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള പോലീസ് സേന അടുത്തകാലത്തായി കടന്നു പോകുന്നത്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാനായി പ്രതിജ്ഞയെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജനങ്ങളെ നിരന്തരം ദ്രോഹിക്കുന്ന അനവധി സംഭവങ്ങള്‍ അടുത്ത കാലത്തായി ചര്‍ച്ചയായി. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞൊഴിയാൻ പറ്റാത്ത തരത്തിലാണ് പൊലീസുകാരുടെ കേസുകളുടെ എണ്ണം. പരസ്യമായി പറഞ്ഞില്ലെങ്കിലും പോലീസുകാര്‍ പ്രതികളായി മാറിയ കേസുകള്‍ മൂലം നിരന്തരം പഴികേട്ടത് ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായ പിണറായി വിജയനാണ്. പാർട്ടിക്കാരിലും അനുഭാവികളിലും ഇതിൽ ശക്തമായ അമർഷമുണ്ടായിരുന്നു.

ഒരു ലോഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് രൂപ പോരെന്ന് കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങിയ അയ്യമ്പുഴ ഗ്രേഡ് എസ്. ഐയും കാഞ്ഞിരപ്പള്ളിയിലെ വഴിയോരത്തെ ആളില്ലാത്ത കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച സിവില്‍ പോലീസ് ഓഫീസറും ഇടുക്കി തൊടുപുഴയിൽ ഹൃദ്രോഗിയെ ബൂട്ടിട്ട കാലുകൊണ്ട് മര്‍ദ്ദിച്ച ഡിവൈഎസ്പിയും ഈ നിരയിലെ ചില പേരുകള്‍ മാത്രമാണ്.

15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനായ സി.ഐ പി.ആര്‍ സുനുവിനെ ഒടുവില്‍ പ്രതിചേര്‍ത്ത തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ശ്രമിച്ചിരുന്നു. കേസില്‍ സുനുവിനെതിരെ തെളിവില്ലെന്ന് കാട്ടി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സുനുവിന് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത് ഇതിന്‍റെ തെളിവാണ്.

എന്നാല്‍ കേരള പോലീസ് ആക്ടിലെ 86 (3)വകുപ്പ് പ്രകാരം പിആര്‍ സുനു സേനയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് കാട്ടിയാണ് ഡിജിപി ഇയാളെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. ഭരണതലത്തില്‍ നിന്നുള്ള ശക്തമായ ആസൂത്രണത്തോടെയാണ് ഈ നീക്കം നടത്തിയതെന്ന് ന്യായമായും സംശയിക്കാം. കോടതിയിൽ പോയാലും കേസ് സർക്കാരിന് വിധി അനുകൂലമായി വരുന്ന തരത്തിലാണ് കേരള പോലീസ് ആക്ടിലെ 86 (3)വകുപ്പ് ഉപയോഗിച്ച് നടപടി എടുത്തത്. ചില ഉന്നത ഉദ്യോഗസ്ഥർ ഇതിനോട് അനുകൂലമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും അഭിഭാഷകനുമായ പി.ശശിയുടെ ഇടപെടലാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഇതിനോട് മുഖ്യമന്ത്രിയും അനുകൂല നിലപാട് എടുത്തു.

കഴിഞ്ഞ ആറുവർഷത്തിനിടെ ക്രിമിനൽ കേസുകളിൽപ്പെട്ടത് 828 പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നിയമസഭയിൽ അറിയിച്ചത്. ഇതിൽ അറുപതോളം പേരുടെ കാക്കിയും തൊപ്പിയും ഊരിമാറ്റും.

മൂന്നു വർഷം മുമ്പ് ആത്മഹത്യയായി എഴുതിത്തളളിയ സംവിധായക നയനസൂര്യയുടെ കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുന്നതും ഈ മാറ്റത്തിന്റെ സൂചനയാണ്. ഈ നടപടിയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ട്.

ഗുരുതരമായ കേസുകളില്‍ പ്രതികളായ പോലീസുകാരെ സേനയില്‍ ഒഴിവാക്കി കേരളാ പോലീസിന്‍റെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള സര്‍ക്കാരിന്‍റെ ‘ശുദ്ധീകരണം’ പി.ആര്‍ സുനുവിലൂടെ ആരംഭിക്കുന്നു എന്ന് തന്നെ പ്രതീക്ഷിക്കാം.

RELATED ARTICLES

Most Popular

Recent Comments