കോവിഡിന് ശേഷം ഇന്ത്യൻ വാഹന വിപണി ഉണർന്ന വർഷമായിരുന്നു 2022. കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ റെക്കോഡ് വിൽപ്പനയാണ് പല കമ്പനികളും നേടിയത്. എന്നാൽ 2022 റെനോ ഇന്ത്യയ്ക്ക് ഒരു മികച്ച വർഷമായിരുന്നില്ലെന്ന് വേണം പറയാൻ. അവരുടെ വാർഷിക വിൽപ്പന 9 ശതമാനത്തിൽ കൂടുതൽ കുറഞ്ഞ് 87,000 യൂണിറ്റുകളായി.
അതോടൊപ്പം 2022-ൽ റെനോയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വാർത്തകളിൽ ഒന്നായിരുന്നു അവരുടെ ഐതിഹാസിക കാറുകളിൽ ഒന്നായ റെനോ ഡസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. എന്നാൽ ഭൂതകാലം മറന്ന് ഭാവിയിലും വർത്തമാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് റെനോയുടെ പദ്ധതിയെന്ന് തോന്നുന്നു.
ഓട്ടോ എക്സ്പോ 2020-ൽ റെനോ ഇന്ത്യ ക്വിഡ് ഇലക്ട്രിക് പ്രദർശിപ്പിച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിൽ മോഡൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മൂന്ന് വർഷത്തിനിപ്പുറവും പ്രഖ്യാപനം യാഥാർത്ഥ്യമായില്ല. ഇതിനിടെയാണ് ക്വിഡ് ഇവിക്ക് പകരം കൈഗർ ഇവി പുറത്തിറക്കാൻ റെനോ തയ്യാറെടുക്കുന്നതിനാലാണ് ഇങ്ങനെയെന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കൈഗർ ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ ചാരചിത്രങ്ങളും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ഇതിനകം തന്നെ പല രാജ്യങ്ങളിലും ലോഞ്ച് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ റെനോ ക്വിഡ് ഇവിയായിരിക്കും ആദ്യം ഇന്ത്യയിൽ കൊണ്ടുവരികയെന്നാകും പലരും ചിന്തിച്ചിട്ടുണ്ടാകുക. എന്നാൽ കൈഗർ ഇലക്ട്രിക് ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. അതിനാൽ തന്നെ റെനോ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ആദ്യത്തെ ഇലക്ട്രിക് കാർ ഏതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി തോന്നുന്നു.
ടോക്കിംഗ് കാർസ് ചാനലിനാണ് റെനോ കൈഗറിന്റെ സ്‌പൈ ഷോട്ട് പുറത്ത്‌വിട്ടത്. കൈഗർ പെട്രോളിൽ ഇതിനകം ഓഫർ ചെയ്തിരിക്കുന്നതിന് സമാനമായ നീല നിറത്തിലുള്ള ഷേഡിലാണ് ഈ കാർ കാണപ്പെടുന്നത്. അതിന്റെ ഐസിഇ പതിപ്പിന് സമാനമാണ് ഡിസൈൻ. ഫ്രണ്ട് ലോഗോയ്ക്ക് കീഴിലാണ് ചാർജിംഗ് സോക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്.
റെനോ കൈഗറിന്റെ ഇന്റീരിയറിന്റെ ചിത്രങ്ങളും ചോർന്നിട്ടുണ്ട്. അകത്ത് നമുക്ക് ഗിയർ കാണാനാകില്ല. ബാക്കി ഇന്റീരിയർ ലേഔട്ട് കൈഗർ പെട്രോളിന് സമാനമാണ്. പകരം കൈഗർ ഇവിക്ക് ഡ്രൈവ് മോഡ് തിരഞ്ഞെടുക്കുന്നതിന് ബട്ടണുകളും റൊട്ടേറ്റിംഗ് നോബും ലഭിക്കുന്നു. ഹാൻഡ് ബ്രേക്ക് ലിവറും ചിത്രങ്ങളിൽ വ്യക്തമാണ്. ഡോർ പാനലുകൾ, സ്റ്റിയറിംഗ് വീൽ, സീറ്റ് ഫാബ്രിക് എല്ലാം പെട്രോൾ കൈഗറിന് സമാനമാണ്.
ചൈനയിൽ ക്വിഡ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സമാനമായ ബാറ്ററിയും ഇലക്ട്രിക് മോട്ടോറും റെനോ കൈഗർ ഇവിക്ക് ലഭിക്കും. ഇതിന് 26.8 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് 44 bhp പവറും 125 Nm ടോർക്കും നൽകാൻ മോട്ടോറിനെ ശക്തിപ്പെടുത്തും. ഏകദേശം 300 കിലോമീറ്ററായിരിക്കും ക്ലെയിം ചെയ്ത റേഞ്ച്. ക്വിഡിനേക്കാൾ അൽപ്പം വലുതായതിനാൽ കൈഗറിന് വലിയ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളാൻ കഴിയും. ഇത് 350 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ സഹായിക്കും.
നിലവിൽ റെനോ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയാണ് രാജ്യത്ത് വിൽപ്പനക്കെത്തിക്കുന്നത്. ഇവയെല്ലാം പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വാങ്ങാനാകുക. ഈ മൂന്ന് കാറുകളും ഒരേ പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, തന്നെ ഭാവിയിൽ റെനോ ക്വിഡ് ഇവി അല്ലെങ്കിൽ ട്രൈബർ ഇവി പുറത്തിറക്കാൻ സാധ്യതയുണ്ട്. നിസ്സാനിൽ കൈഗറിന്റെ കസിൻ സഹോദരനായ മാഗ്നൈറ്റിനും ഇതിന്റെ പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്. ഈ വർഷാവസാനം നമുക്ക് നിസ്സാൻ മാഗ്നൈറ്റ് ഇലക്ട്രിക് പതിപ്പിന്റെ ലോഞ്ച് കാണാൻ കഴിയും.
തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിലൂടെ പോയ വർഷത്തെ നിരാശ ഇക്കുറി തീർക്കാമെന്ന പ്രതീക്ഷയിലാണ് റെനോ ഇന്ത്യ. വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവി, സിട്രൺ eC3 എന്നിവയായിരിക്കും ഇന്ത്യൻ ഇവി വിപണിയിൽ റെനോ കൈഗർ ഇവിയുടെ എതിരാളികൾ. 10 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ റെനോ കൈഗർ ഇവിക്ക് വില പ്രതീക്ഷിക്കാം. ഈ അടുത്ത ദിവസം തിരശ്ശീല ഉയരാൻ പോകുന്ന ഓട്ടോ എക്സ്പോ 2023-ൽ റെനോ ഇന്ത്യ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും.