ടോക്കിയോ നഗരത്തില്‍ നിന്ന് കുടുംബത്തോടെ മാറിത്താമസിക്കുന്നവര്‍ക്ക് വന്‍തുക പ്രഖ്യാപിച്ച് ജപ്പാന്‍ സര്‍ക്കാര്‍

0
89

ടോക്കിയോ നഗരത്തില്‍ നിന്ന് കുടുംബത്തോടെ മാറിത്താമസിക്കുന്നവര്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്ത് ജപ്പാന്‍ ഭരണകൂടം. ടോക്കിയോയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്കും ടൗണുകളിലേക്കും മാറാന്‍ തയാറുള്ള കുടുംബങ്ങള്‍ക്ക് ഒരു കുട്ടിയ്ക്ക് 7500 ഡോളര്‍ വീതം നല്‍കുമെന്നാണ് പ്രഖ്യാപനം. ജനസംഖ്യയില്‍ ഇടിവ് നേരിടുന്ന പശ്ചാത്തലത്തില്‍ ടോക്കിയോ നഗരത്തില്‍ നിന്ന് ജനസാന്ദ്രത മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വാഗ്ദാനം.

മുന്‍പ് മാറിത്താമസിക്കുന്നവര്‍ക്ക് ഭരണകൂടം 2200 ഡോളര്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്. ഏപ്രില്‍ മാസം മുതല്‍ ഇതില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും ഓരോ കുട്ടിയ്ക്കും 7500 ഡോളര്‍ വീതം നല്‍കുമെന്നും ഭരണകൂടം വ്യക്തമാക്കി. ടോക്കിയോ നഗരത്തിലേയും ജനസംഖ്യ കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി ഇടിഞ്ഞെങ്കിലും പകര്‍ച്ചവ്യാധികളുടെ കൂടി പശ്ചാത്തലത്തില്‍ ടോക്കിയോയില്‍ നിന്ന് ജനസാന്ദ്രത മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ജനനനിരക്ക് കുറഞ്ഞതോടെ പ്രത്യുല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ധനസഹായം വര്‍ധിപ്പിച്ചിരുന്നു. കുടുംബത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ചാല്‍ മുന്‍പ് ബാങ്ക് വഴി നല്‍കിയിരുന്ന ധനസഹായ തുക വര്‍ധിപ്പിക്കുമെന്നാണ് ജപ്പാനിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചത്. കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് നിലവില്‍ 420,000 യെന്‍ ( 2,52,338 രൂപ) ആണ് ധനസഹായമായി നല്‍കി വരുന്നത്. ഇത് 500,000 യെന്‍ (3,00,402 രൂപ) ആയി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷദ ഇക്കാര്യത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ജപ്പാനിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കാട്‌സുലോബു കാറ്റോ പറഞ്ഞതായി ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.