ബഹ്‌റൈനിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യാചകന് ഒരു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് അപ്പീൽ കോടതി. സെപ്റ്റംബറിൽ ഭിക്ഷാടകരെ പിടികൂടാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി മുഹറഖിലെ ഖലാലിയിൽ എത്തിയ പട്രോളിംഗ് സംഘത്തിലെ പൊലീസുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ജയിൽ വാസത്തിന് ശേഷം പ്രതിയെ നാടുകടത്തും.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പ്രതി ഒരു പള്ളിക്ക് മുന്നിൽ നിൽക്കുന്നത് കണ്ടാണ് പൊലീസുകാരൻ അറസ്റ്റിനായി സമീപിച്ചത്. എന്നാൽ ഉദ്യോഗസ്ഥൻ വരുന്നത് കണ്ട പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
പ്രതിയെ തടഞ്ഞുവെങ്കിലും പൊലീസുകാരനെ മർദിച്ച് വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച യാചകനെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ ഒരു വർഷത്തേക്ക് തടവിലാക്കാനും പിന്നീട് രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി അപ്പീൽ കോടതി ശരിവച്ചു.