കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. കേരളവും തമിഴ്നാടും ഉൾപ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കനിമൊഴി തുറന്നടിച്ചു. കേന്ദ്രം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗവർണർമാരെ ആയുധമാക്കുകയാണെന്നും കനിമൊഴി പറഞ്ഞു.
ഗവർണർമാർ സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നു. മുമ്പൊന്നുമില്ലാത്ത രീതിയിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.
ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സമയമാണിത്. ഇനിയും ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാകില്ല. ഇതിന് പരിഹാരം കണ്ടേ മതിയാകൂവെന്നും കനിമൊഴി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ജനവിധി ഉണ്ടാകുമെന്നും തമിഴ്നാട്ടിൽ ഡിഎംകെ തൂത്തുവാരുമെന്നും കനിമൊഴി കൂട്ടിച്ചേർത്തു.