ചൈനയടക്കം പല വിദേശ രാജ്യങ്ങളിലും കൊറോണ അതി ഭീകരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യം ജാഗ്രതയിലാണ്. ഈ സാഹചര്യത്തില്‍ നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ദുബായിൽ നിന്ന് മടങ്ങിയെത്തിയ 2 പേർക്ക് ചെന്നൈ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ തമിഴ്നാട് ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച ഇരുവരും പുതുക്കോട്ട ജില്ലയിലെ ആലങ്കുടി സ്വദേശികളാണ് എന്നും ഇവരുടെ പരിശോധനാ സാമ്പിളുകൾ സംസ്ഥാന പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലേക്ക് അയച്ചതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെ, ചൈനയിൽ നിന്ന് ശ്രീലങ്ക വഴി വിരുദുനഗർ നഗരത്തിലേക്ക് മടങ്ങിയ ഒരു സ്ത്രീക്കും അവരുടെ ആറുവയസ്സുള്ള മകൾക്കും മധുരൈ വിമാനത്താവളത്തിൽ നടത്തിയ ആർടി-പിസിആർ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, തമിഴ്‌നാട്ടിൽ പ്രതിദിനം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. അതായത് ദിവസവും ശരാശരി 10 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിയ്ക്കുന്നത്. ഇതോടെ പ്രതിവാര കേസുകളില്‍ ചെറിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുനിന്നും എത്തുന്ന യാത്രക്കാരുടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
എന്നാല്‍, യുഎഇയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക കോവിഡ് മാർഗനിർദേശങ്ങൾ ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. നിരവധി രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ യാത്രക്കാരും അവരുടെ രാജ്യത്ത് കോവിഡ് -19 നെതിരെയുള്ള വാക്സിനേഷന്‍റെ അംഗീകൃത പ്രൈമറി ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരിക്കണം.
യാത്രയില്‍ മാസ്ക് ധരിയ്ക്കുക, സാമൂഹിക അകലം പാലിയ്ക്കുക.
12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോസ്റ്റ്-അറൈവൽ റാൻഡം ടെസ്റ്റിംഗ് ആവശ്യമില്ല. എന്നാല്‍, കുട്ടികൾ എത്തിച്ചേരുമ്പോഴോ സ്വയം നിരീക്ഷണത്തില്‍ ഉള്ള സമയത്തോ COVID-19 ന്‍റെ ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ, പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധനയ്ക്ക് വിധേയരാകുകയും ചികിത്സ തേടുകയും വേണം.
കോവിഡ് -19 മുൻകരുതൽ നടപടിയുടെ ഭാഗമായി നിലവില്‍ രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങളിൽ വരുന്ന യാത്രക്കാരിൽ കുറഞ്ഞത് 2% ആള്‍ക്കാരാണ് റാൻഡം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാകുന്നത്. ഈ
ക്രമീകരണം ഡിസംബർ 24 രാവിലെ 10:00 മുതൽ പ്രാബല്യത്തിൽ വന്നു.