ജീവനാണ് വലുത്, കശ്മീരി പണ്ഡിറ്റുകളെ ജമ്മുവിലേക്ക് മാറ്റണം: ഗുലാം നബി ആസാദ്

0
39

കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി തലവനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ജോലിയേക്കാള്‍ ജീവനാണ് പ്രധാനമെന്നും കശ്മീരിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ കശ്മീരി പണ്ഡിറ്റ് ജീവനക്കാരെ ജമ്മുവിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘എന്റെ ഭരണകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ജോലി നല്‍കിയിരുന്നു. അന്ന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. സുരക്ഷ ഏറ്റവും പ്രധാനമാണ്. കശ്മീരി പണ്ഡിറ്റുകളെ ജമ്മുവിലേക്ക് അയക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ അവര്‍ക്ക് തിരിച്ചുവരാന്‍ കഴിയും’, ഗുലാം നബി ആസാദ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ കശ്മീരില്‍ ആസൂത്രിത കൊലപാതകങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ കശ്മീരി പണ്ഡിറ്റ് പുരണ്‍ കൃഷനെ വസതിക്ക് പുറത്ത് വെച്ച് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ തീവ്രവാദ സംഘടനയായ കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.