ഈജിപ്തിൽ ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനിടെ അപകടം: സ്റ്റാൻഡ് തകർന്ന് 27 പേർക്ക് പരുക്ക്

0
50

ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിനിടെ അപകടം. സ്റ്റേഡിയത്തിന്റെ സ്റ്റാൻഡുകൾ ഭാഗികമായി തകർന്ന് 27 പേർക്ക് പരുക്കേറ്റു. അൽ-അഹ്‌ലിയും-ഇത്തിഹാദും തമ്മിലുള്ള സൂപ്പർ കപ്പ് മത്സരത്തിനിടെ സ്റ്റാൻഡിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സീറ്റുകളുടെ ഒരു ഭാഗം കാണികളുടെ മേൽ പതിക്കുകയായിരുന്നുവെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.

ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ഫെഡറേഷന്റെ തലവൻ ഹസൻ മുസ്തഫയുടെ പേരിലുള്ള മൾട്ടി പർപ്പസ് അറീനയിൽ ശനിയാഴ്ചയായിരുന്നു അപകടം. കണികളിലേക്ക് മെറ്റൽ സ്റ്റാൻഡ് തകർന്ന് വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പരുക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുൽ ഗഫാർ പ്രസ്താവനയിൽ അറിയിച്ചു. ഇത്തിഹാദ് അനുകൂലികളുടെ തിക്കിലും തിരക്കിലും പെട്ടാണ് സ്റ്റാൻഡ് തകർന്നതെന്ന് കായിക മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് ഫൗസി ഒരു പ്രാദേശിക ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

ഈജിപ്ത് ആതിഥേയത്വം വഹിച്ച 2021 ലോക പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മൂന്ന് വർഷം മുമ്പാണ് അറീന ആരംഭിച്ചത്. സംഭവത്തെത്തുടർന്ന് കെയ്‌റോയിലെ ഹസ്സൻ മുസ്തഫ സ്‌പോർട്‌സ് ഹാളിൽ നടക്കേണ്ടിയിരുന്ന കളി നിർത്തിവച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഈജിപ്തിൽ കായിക മത്സരങ്ങൾക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ അസാധാരണമല്ല. തീരദേശ നഗരമായ പോർട്ട് സെയ്ദിൽ 2012-ൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കലാപത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.