മഥുര ശ്രീകൃഷ്ണ ജന്മഭൂമി: തര്‍ക്കഭൂമി അളന്നു തിട്ടപ്പെടുത്താന്‍ ഉത്തരവ്

0
93

മഥുരയില്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മോസ്‌ക് നില്‍ക്കുന്നതെന്ന പരാതിയിന്‍മേല്‍ മഥുര കോടതിയുടെ സുപ്രധാന ഉത്തരവ്. ഈദ്ഗയുടെ സര്‍വേ നടത്താന്‍ മഥുരയിലെ സിവില്‍ ഡിവിഷന്‍ കോടതി സീനിയര്‍ ജഡ്ജി ഉത്തരവിട്ടു. ഹിന്ദു വിഭാഗം സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദുവിഭാഗം സമര്‍പ്പിച്ച അപ്പീലില്‍ മഥുരയിലെ സിവില്‍ ഡിവിഷന്‍ കോടതിയില്‍ ഇന്ന് വാദം നടന്നിരുന്നു. കോടതി ഉത്തരവില്‍ സര്‍വേയ്ക്കുള്ള സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 20നകം സര്‍വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും സിവില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജിക്കാരനായ വിഷ്ണു ഗുപ്തയുടെ അപ്പീലില്‍ കോടതി അമീനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ശ്രീകൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാരനായ അഭിഭാഷകന്‍ മഹേന്ദ്ര സിംഗ് അറിയിച്ചു. 13.37 ഏക്കര്‍ ഭൂമി വിട്ടുകിട്ടണമെന്നാണ് ഹര്‍ജിക്കാരനായ വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടിരിക്കുന്നത്.

സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മോസ്‌ക്, ശ്രീ കൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്ണ ജന്മഭൂമി സേവ സന്‍സ്ഥാന്‍ എന്നിവരാണ് കേസില്‍ കക്ഷികള്‍.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത് എന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പണ്ട് ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം 13.37 ഏക്കറിലാണ് നിന്നിരുന്നതെന്നും ഇത് പൊളിച്ചുമാറ്റിയാണ് ഷാഹി ഈദ്ഗാഹ് മോസ്‌ക് പണിതതെന്നുമാണ് ഹിന്ദുവിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. പള്ളി പൊളിച്ചുമാറ്റി ഈ സ്ഥലം നല്‍കണമെന്നും അവിടെ ശ്രീകൃഷ്ണ ക്ഷേത്രം ഉയര്‍ത്തമെന്നുമാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.

മെയ് 12ന് അലഹബാദ് കോടതിയുടെ ലഖ്‌നോ ബെഞ്ച് ശ്രീ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മോസ്‌ക് കേസ് മഥുര കോടതിക്ക് വിട്ടിരുന്നു. ഇത് സംബന്ധിച്ച എല്ലാ പരാതികളും നാല് മാസത്തില്‍ തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതുവരെ മഥുര കോടതിയില്‍ ഒമ്പത് കേസുകള്‍ നിലവിലുണ്ട്.