ദുബായില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇനി മുതല്‍ വാട്‌സ്ആപിലൂടെ അറിയിക്കാം

0
77

ദുബായില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇനി മുതല്‍ വാട്‌സ്ആപിലൂടെ അറിയിക്കാം. ദുബായി ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ ആണ് വാട്‌സ്ആപിലൂടെ പരാതികള്‍ അറിയിക്കുന്ന സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. ആക്രമണങ്ങള്‍ അറിയിക്കുന്നതിനും നിയമോപദേശങ്ങള്‍ക്ക് വേണ്ടിയും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

ഫൗണ്ടേഷന്റെ സേവനങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സേവനത്തിന് 971-800-111 എന്ന ഹോട്ട്ലൈന്‍ നമ്പരാണ് നല്‍കിയിരിക്കുന്നത്. ഈ നമ്പറിലൂടെ വാട്‌സ്ആപ് വഴി ഫൗണ്ടേഷനിലേക്ക് സന്ദേശമയക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ സേവനം വരുന്നതെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു.

ഡിജിറ്റല്‍ സേവന വികസന തന്ത്രമാണ് ഫൗണ്ടേഷന്‍ സ്വീകരിക്കുന്നതെന്ന് ഡിഎഫ്ഡബ്ല്യുഎസി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ശൈഖ സയീദ് അല്‍ മന്‍സൂരി പറഞ്ഞു. വാട്‌സ്ആപിലൂടെ അറിയിക്കുമ്പോള്‍ വേഗത്തില്‍ നടപടിയെടുക്കാവും സേവനങ്ങള്‍ സമയബന്ധിതമായി നല്‍കാനും കഴിയും.

ഗാര്‍ഹിക പീഡനം, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത് എന്നിവയ്ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫൗണ്ടേഷന്‍ ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗപ്പെടുത്തുകയാണെന്ന് അല്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു.

വെബ്‌സൈറ്റിനൊപ്പം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പരാണ് ദുബായി ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രനുള്ളത്. കൂടാതെ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയും ഫൗണ്ടേഷന്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്.