Tuesday
30 December 2025
25.8 C
Kerala
HomeKeralaമലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി

മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി

മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ മോഷണം നടത്തിയിരുന്നത്.

കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തിയിരുന്നു. ദമ്പതികൾ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി കോടതിയിൽ ഹാജരാക്കി.

അരീക്കോട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ ദമ്പതികൾ ഇരുവേറ്റിയിലെ ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ പിടിയിലായത്. റബ്ബർ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു ദമ്പതികൾ മോഷണം നടത്തിയിരുന്നത്. പകൽസമയങ്ങളിൽ വിവിധ ഇടങ്ങളിൽ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തും. തുടർന്ന് പുലർച്ച വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറിൽ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി.

RELATED ARTICLES

Most Popular

Recent Comments