താൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റർ പോളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ട്വിറ്ററിനായി മറ്റൊരു സിഇഒയെ ഇലോൺ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി റിപ്പോർട്ട്. ട്വിറ്ററിലെ നൂറിലധികം മുൻ ജീവനക്കാർ മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരരോപിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്റെ നീക്കമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ തലപ്പത്തേക്ക് തന്റെ അടുപ്പക്കാരിൽ ഒരാളെ തന്നെ എത്തിക്കാനാണ് മസ്‌ക് നീക്കം നടത്തുന്നതെന്നും സൂചനയുണ്ട്.
ട്വിറ്ററിൽ തന്നെ നൽകിയിരുന്ന പോളിലാണ് മസ്‌കിന്റെ പുതിയ നയങ്ങളോടും ട്വിറ്ററിലെ പുതിയ തൊഴിൽ അന്തരീക്ഷത്തോടുമുള്ള അതൃപ്തി ഉപയോക്താക്കൾ രേഖപ്പെടുത്തിയത്. മസ്‌ക് സ്ഥാനമൊഴിയണമെന്ന് 57.5 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. മസ്‌ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയരുതെന്ന് 42.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. 17502391 പേരാണ് പോളിൽ പങ്കെടുത്തത്.
ഏറെ അഭ്യൂഹങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങളും നടപ്പിലാക്കിയിരുന്നു. ട്വിറ്ററിൽ പല ജീവനക്കാരും രാജിവച്ചൊഴിയുന്ന സ്ഥിതി ഉൾപ്പെടെ ഉണ്ടായതിന് പിന്നാലെയാണ് മസ്‌ക് ഇത്തരമൊരു പോൾ ഉണ്ടാക്കിയിരുന്നത്.