ലോകാരോഗ്യസംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങള്‍ ലംഘിച്ചു; പതഞ്ജലിയ്ക്ക് ഉള്‍പ്പെടെ നേപ്പാളില്‍ നിരോധനം

0
54

ലോകാരോഗ്യസംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി നേപ്പാള്‍. ഡിസംബര്‍ 18ന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് നേപ്പാള്‍ ഭരണകൂടം ഈ വിവരം അറിയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാബാ രാംദേവിന്റെ പതഞ്ജലി ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് നേപ്പാള്‍ പുതിയതായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ഫാര്‍മ കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന നേപ്പാളിലെ പ്രാദേശിക ഏജന്റുമാരോട് ഉടനടി ഓര്‍ഡറുകള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി മേലില്‍ ഈ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ അനുവദിക്കില്ലെന്നും ഉത്തരവിലൂടെ നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി.

യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിക്ക് പുറമെ, റേഡിയന്റ് പാരന്ററല്‍സ് ലിമിറ്റഡ്, മെര്‍ക്കുറി ലബോറട്ടറീസ് ലിമിറ്റഡ്, അലയന്‍സ് ബയോടെക്, ക്യാപ്ടാബ് ബയോടെക്, അഗ്ലോമെഡ് ലിമിറ്റഡ്, സീ ലബോറട്ടറീസ്, ഡാഫോഡില്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സെപ്റ്റ് ഫാര്‍മസ്യൂട്ടിക്കള്‍സ്, ശ്രീ ആനന്ദ് ലൈഫ് സയന്‍സസ്, ഐപിസിഎ ലബോറട്ടറീസ്, കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, ഡയല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മാക്കൂര്‍ ലബോറട്ടറീസ് എന്നീ കമ്പനികളേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.