അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് പെദ്രോ കാസ്തിയ്യോയ്ക്ക് 18 മാസം കരുതൽ തടങ്കൽ വിധിച്ച് പെറു കോടതി. നിലവിൽ കലാപ ഗൂഢാലോചനയും അധികാര ദുർവിനിയോഗവും ആരോപിക്കപ്പെട്ട് കാസ്തിയ്യോ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇതിനിടെ കാസ്തിയ്യോയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ പ്രതിഷേധം രാജ്യത്ത് തുടരുകയാണ്. പൊലീസ്–- സൈനിക അടിച്ചമർത്തലിൽ ഇതുവരെ 18 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മാത്രം ഒമ്പത് പേർ കൊല്ലപ്പെട്ടു. ജനരോഷം ശക്തമായതോടെ 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
കാസ്തിയ്യോയെ കോൺഗ്രസ് ഇംപീച്ച് ചെയ്തതിനുപിന്നാലെ പ്രസിഡന്റായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ദിന ബൊലുവാർട്ട് 2023 ഡിസംബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പുവരെ കാസ്തിയ്യോയെ ജയിലിലിടാനാണ് വലതുസഖ്യത്തിന്റെ നീക്കമെന്ന് കാസ്തിയ്യോയുടെ ഫ്രീ പെറു പാർടി പ്രതികരിച്ചു.