ബിഹാറില്‍ ഇതുവരെ 66 പേരാണ് വിഷം കലര്‍ന്ന മദ്യം കഴിച്ച് മരിച്ചത്. ഛപ്ര-സിവാനിലെയും ബെഗുസാരായിയിലെയും ആളുകള്‍ ഈ വിഷ മദ്യത്തിന്റെ ഇരകളായി. കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ് 20 രൂപയുടെ അസംസ്‌കൃത മദ്യം കഴിച്ച് മരണപ്പെട്ടത്. ഈ വിഷമദ്യം കുടിച്ച് മരിച്ചവര്‍ വളരെ പാവപ്പെട്ടവരാണ്, ദരിദ്രരാണ്. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പോലും കുടുംബങ്ങള്‍ കടം വാങ്ങേണ്ട അവസ്ഥയാണ്.
സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമാണ് ബിഹാര്‍. മദ്യം കഴിച്ച് മരിച്ചവര്‍ തീര്‍ച്ചയായും നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നവരാണ്. പക്ഷേ, പോലീസും ഭരണസംവിധാനവും തന്നെയാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രഥമ ഉത്തരവാദികള്‍.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുധാനി ഉപതിരഞ്ഞെടുപ്പിലെ ജെഡിയുവിന്റെ തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് കരകയറിയിട്ടില്ല. അതിനിടെയാണ് മദ്യവിവാദം ബിഹാറിലെ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
ഡിസംബര്‍ 14 ന് നിതീഷ് നിയമസഭയില്‍ എത്തിയപ്പോള്‍ ബി.ജെ.പി വ്യാജമദ്യം മൂലമുള്ള മരണങ്ങളുടെ പ്രശ്‌നം ഉന്നയിച്ചു. അന്നേരം ബിഹാറില്‍ വ്യാജമദ്യം മൂലമുള്ള മരണങ്ങളുടെ എണ്ണം 24 ആയി ഉയര്‍ന്നിരുന്നു. ഈ മരണങ്ങള്‍ക്ക് ഉത്തരവാദി നിതീഷാണെന്ന് ആരോപിച്ച് ബിജെപി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമാണ് എന്ന് തെളിയിക്കുന്നതാണ് ദുരന്തമെന്ന് ബിജെപി ആരോപിച്ചു.
ദുരന്തം മഹാപാപികളായ മദ്യപര്‍ സ്വയം വരുത്തി വച്ചതാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാര്‍. അവിടെ വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിച്ചെങ്കില്‍ സര്‍ക്കാര്‍ അതില്‍ ഉത്തരവാദികളല്ല. അതുകൊണ്ട് തന്നെ, മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു.
അതേസമയം മദ്യനിരോധനം വികലമായി നടപ്പിലാക്കിയതോടെ മഹാസഖ്യ സര്‍ക്കാര്‍ ദുരന്തം വിളിച്ച് വരുത്തുകയായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മരിച്ചവരെ അപമാനിക്കുകയാണ്. അവരുടെ ആശ്രിതരുടെ വികാരങ്ങളെ പരിഹസിക്കുകയാണ്. മദ്യനിരോധനം നിലവിലുള്ള ഒരു സംസ്ഥാനത്ത് വ്യാജമദ്യം സുലഭമാണെങ്കില്‍, വിഷമദ്യം കഴിച്ച് ആളുകള്‍ മരിക്കുന്നുവെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയമാണ്. മരണങ്ങളുടെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ച്, ദുരിതത്തില്‍ വേദനിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസം പകരണമെന്ന് ബിജെപി എം എല്‍ എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം, മദ്യദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. മദ്യനിരോധനം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.