ബിഹാറിലെ ഛപ്ര വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് ലോക് ജനശക്തി പാര്‍ട്ടി (ആര്‍) തലവനും എംപിയുമായ ചിരാഗ് പാസ്വാന്‍. മദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകള്‍ വെറുതെ മരിച്ചതായി താന്‍ കരുതുന്നില്ല. ഇത് നരഹത്യയാണ്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു. ‘എന്തുകൊണ്ടാണ് നിതീഷ് കുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്? നിയമലംഘനം മാത്രമല്ല, ചപ്രയില്‍ നടന്ന നരഹത്യയില്‍ അദ്ദേഹം കുറ്റക്കാരനാണ്’, ചിരാഗ് പാസ്വാന്‍ പറഞ്ഞു.
ബീഹാര്‍ മുഖ്യമന്ത്രിയുടെ ‘കുടിക്കുന്നവര്‍ മരിക്കും’ എന്ന പരാമര്‍ശത്തെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. വ്യാജമദ്യ ദുരന്തത്തില്‍ നിരവധി മരണങ്ങള്‍ ഉണ്ടായിട്ടും നിതീഷ് കുമാറിന്റെ ‘അഹങ്കാരമാണ്’ ഈ പരാമര്‍ശം കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ഒരു സംസ്ഥാനത്തും ഒരു മുഖ്യമന്ത്രിയും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി ഇത്രയും നിര്‍വികാരവും നാണംകെട്ടതുമായ അഭിപ്രായം പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിതീഷ് കുമാറിന്റെ ധാര്‍ഷ്ട്യമാണ് ഈ സംഭവത്തില്‍ വ്യക്തമാകുന്നത്. ബിഹാറില്‍ മദ്യ നിരോധന നിയമം ശരിയായി നടപ്പാക്കുന്നില്ലെങ്കില്‍ ആരാണ് ഇതിന് ഉത്തരവാദി? നിതീഷ് കുമാര്‍ അതിന് ഉത്തരവാദിയാകേണ്ടേ? അദ്ദേഹം ചോദിച്ചു.
വ്യാജമദ്യദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമെന്ന് ചിരാഗ് പാസ്വാന്‍ അറിയിച്ചു. ബീഹാര്‍ ഗവര്‍ണറെ കണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.