കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരടക്കമുള്ള പൊതുപ്രവര്‍ത്തകരെ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് വിധിക്കാമെന്ന് സുപ്രീംകോടതി. നേരിട്ടുള്ള സാക്ഷിയോ രേഖകളോ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുമാത്രം മതിയെന്നും- ജസ്റ്റിസ് എസ് അബ്ദുൾനസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഉത്തരവിട്ടു.
ആവശ്യപ്പെടാതെ കൈക്കൂലി നൽകുകയും സ്വീകരിക്കുകയും ചെയ്‌താൽ കുറ്റക്കാരല്ലെന്ന വാദം നിലനിൽക്കില്ല. പരാതിക്കാരൻ മരിച്ചാലോ കൂറുമാറിയാലോപോലും നടപടി അവസാനിപ്പിക്കരുത്. സാഹചര്യത്തെളിവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നവർക്ക് നിയമപരമായി അതിനെ ചോദ്യം ചെയ്യാം. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ വിവിധ ബെഞ്ചുകൾ വ്യത്യസ്‌ത നിലപാടെടുത്തിരുന്നു. 2019 ല്‍ വിഷയം ഭരണഘടനാബെഞ്ചിലെത്തുകയായിരുന്നു.
ദാക്ഷിണ്യം വേണ്ട
കൈക്കൂലിക്കാരോട് ദാക്ഷിണ്യം വേണ്ടെന്ന് സുപ്രീംകോടതി. അഴിമതി അർബുദബാധപോലെയാണ്. സത്യസന്ധരായ പൊതുപ്രവര്‍ത്തകരുടെ ആത്മവീര്യംപോലും ഇത് കെടുത്തുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.