കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. 1715 മില്ലിഗ്രാം എം.ഡി.എംഎയുമായി ഉള്ളിയേരി പാണക്കാട് വീട്ടിൽ ഷാഹില്‍ (26) ആണ് എക്സൈസിന്റെ പിടിയിലായത്. ക്രിസ്മസ്- ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിനിടയിലാണ് അറസ്റ്റ്. എക്സൈസ് ഇൻസ്പെക്ടർ ഒ.ബി. ഗണേഷിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി എക്സൈസ് റെയ്ഞ്ച് പാർട്ടി അത്തോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഷാഹില്‍ കുടുങ്ങിയത്.
ബൈക്കിലെത്തിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ന്യൂ ജെന്‍ മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ. ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർ സി.പി. ഷാജി, സി.ഇ.ഒമാരായ ടി. നൗഫൽ, കെ.സി. ഷൈജു, പി.ജെ. ബേബി, പി. റഷീദ്, ഡ്രൈവർ സി. ദിനേഷ് എന്നിവരും എക്സൈസ് സംഘത്തോടൊപ്പമുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലും ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നൃത്ത അധ്യാപകനായ പാറപ്പുറം സ്വദേശി ശ്യാമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ശ്യാമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ശ്യാം. നൃത്ത അധ്യാപകനായ പ്രതി നിരവധി വിദ്യാർഥികളെയും കെണിയിൽ വീഴ്ത്തിയതായാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.