ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കണമെന്ന് യുഎന്‍

0
40

ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും ചൈനയും സൈനികര്‍ ഏറ്റുമുട്ടിയതിന് ശേഷം, ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.

ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്ത്സെ മേഖലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാന്‍ ചൈനീസ് സൈന്യം ശ്രമിച്ചതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തുരത്തി ഓടിയ്ക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു. ചൈനയുടെ നടപടിയെ പറ്റിയുള്ള ആശങ്ക നയതന്ത്ര വൃത്തങ്ങള്‍ വഴി ചൈനീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

”ഞങ്ങള്‍ റിപ്പോര്‍ട്ടുകള്‍ കണ്ടു. തീവ്രത കുറയ്ക്കാനും ആ പ്രദേശത്തെ പിരിമുറുക്കം വര്‍ദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു.”- യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്കി പറഞ്ഞു. നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും സുഗമമായ ആശയവിനിമയം നിലനിര്‍ത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ ചൊവ്വാഴ്ച ബീജിംഗില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ മറ്റൊരു വലിയ ഏറ്റുമുട്ടലാണിത്. ഇരുപക്ഷവും തമ്മില്‍ പതിറ്റാണ്ടുകളായി സൈനിക സംഘര്‍ഷം തുടരുകയാണ്.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോണ്‍ഗ്രസില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മൂന്നാമതും അഞ്ച് വര്‍ഷത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അതിര്‍ത്തിയില്‍ നടക്കുന്ന ആദ്യത്തെ പ്രധാന സംഭവം കൂടിയാണിത്.

2020 മെയ് മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി സംഘര്‍ഷം മുതല്‍ പാംഗോങ് തടാക മേഖലയിലെ അക്രമാസക്തമായ ഏറ്റുമുട്ടല്‍ വരെ വിവിധ ഘട്ടങ്ങളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടേയും കമാന്‍ഡര്‍മാര്‍ തമ്മില്‍ 16 റൗണ്ട് ചര്‍ച്ചകള്‍ നടത്തിയപ്പോഴും വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ നടന്നു.

ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് ഏരിയയിലെ പട്രോളിംഗ് പോയിന്റ് 15 ല്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുപക്ഷവും സെപ്റ്റംബറില്‍ നടന്ന അവസാന റൗണ്ട് ചര്‍ച്ചകളില്‍ തീരുമാനമെടുത്തിരുന്നു.

എന്തുകൊണ്ടാണ് ചൈന തവാങ് പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നത്?

അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതില്‍ ഇരു രാജ്യങ്ങളിലെയും ചില സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാസ്തവത്തില്‍, ഡിസംബര്‍ 9 ന്, 300 ചൈനീസ് സൈനികര്‍ തവാങ് സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. അതേസമയം, അത്തരം ഒരു പ്രവൃത്തിയെ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ ഇതിനകം തയ്യാറായിരുന്നു. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റ് തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ ചൈനയുടെ പദ്ധതികളെ തകര്‍ത്തു. 17,000 അടി ഉയരത്തില്‍ ഇന്ത്യന്‍ പട്ടാളക്കാരും മുന്നൊരുക്കത്തോടെ നില്‍ക്കുകയാണെന്ന് ചൈനീസ് പട്ടാളക്കാര്‍ അറിഞ്ഞിരുന്നില്ല.

എന്തുകൊണ്ടാണ് ചൈന തവാങ്ങിന് ഇത്ര പ്രാധാന്യം നല്‍കുന്നത്?

എല്‍എസിയില്‍ ചില മേഖലകളില്‍ തര്‍ക്കമുണ്ട്. ഈ ഭാഗങ്ങള്‍ പിടിച്ചെടുക്കാനാണ് ചൈന ശ്രമിക്കുന്നത്. എന്നാല്‍ ചൈന തവാങ്ങിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. ഈ പ്രദേശം പിടിച്ചെടുത്ത് ടിബറ്റിനൊപ്പം എല്‍എസിയും നിരീക്ഷിക്കണമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. ചൈന തവാങ് പിടിച്ചടക്കിയാല്‍ അരുണാചല്‍ പ്രദേശില്‍ എപ്പോള്‍ വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം.

കാരണം, ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലാണ്‌ തവാങ് സ്ഥിതി ചെയ്യുന്നത്. അരുണാചല്‍ പ്രദേശിനെയും തവാംഗിനെയും ഇന്ത്യയുടെ ഭാഗമായി ദലൈലാമ പ്രഖ്യാപിച്ചു. ടിബറ്റന്‍ മതനേതാവ് ദലൈലാമ ആദ്യമായി എത്തിയതും ഇവിടെയാണ്. ഇക്കാരണത്താല്‍, ചൈന ദലൈലാമയെ വിഘടനവാദി നേതാവായി കണക്കാക്കുന്നു. ദലൈലാമ തവാങ്ങില്‍ തന്റെ പിന്‍ഗാമിയെ നിയമിച്ചേക്കുമെന്ന് ചൈന ഭയപ്പെടുന്നു. തവാങ് പിടിച്ചടക്കുന്നതിലൂടെ, ടിബറ്റന്‍ ബുദ്ധ കേന്ദ്രവും നശിപ്പിക്കാന്‍ ചൈന ആഗ്രഹിക്കുന്നു. തവാങ്ങിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്താല്‍ ടിബറ്റിലെ പിടി കൂടുതല്‍ ശക്തമാകും.

എന്തുകൊണ്ടാണ് തവാങ് ഇന്ത്യയ്ക്ക് പ്രധാനമായിരിക്കുന്നത്?

ഇന്ത്യയും ചൈനയും 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ അതിര്‍ത്തി ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയിലൂടെ കടന്നുപോകുന്നു. അരുണാചല്‍ പ്രദേശിലെ വടക്ക്-പടിഞ്ഞാറന്‍ ജില്ലയായ തവാങ്, ഏകദേശം 17,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭൂട്ടാനും വടക്ക് ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്നു. 1962ലെ ഇന്ത്യ-ചൈന യുദ്ധവുമായി ബന്ധപ്പെട്ട സ്ഥലമാണിത്. മക്മഹോണ്‍ കരാറിന് ശേഷം തവാങ്ങിനെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കി.

കരാറിന് ശേഷം, മക്മഹോണ്‍ ലൈനിനുള്ളില്‍ വരുന്നതിനാല്‍ ചൈന അത് ഒഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ചൈന മക്മഹോണ്‍ ലൈന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചു. ടിബറ്റിന്റെ പ്രതിനിധി ലോഞ്ചെന്‍ ഷാത്രയും ഹെന്റി മക്മഹോണും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മക്മോഹന്‍ രേഖ വരച്ചതെന്ന് ചൈന പറയുന്നു. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതും ഇതേ സ്ഥലത്താണ്.