രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് 21 വര്‍ഷം

0
41

രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് 21 വര്‍ഷം. 2001ല്‍ പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു ലഷ്‌കര്‍ ഇ-ത്വയ്ബ, ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരുടെ ആക്രമണം നടന്നത്. ഒന്‍പത് സുരക്ഷാ സൈനികര്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

2001 ഡിസംബര്‍ 13ന് രാവിലെ 11.40ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച അംബാസിഡര്‍ കാര്‍ പാര്‍ലമെന്റിന്റെ വളപ്പിലേക്ക് കയറി ഗെയ്റ്റ് നമ്പര്‍ പന്ത്രണ്ട് ലക്ഷ്യമാക്കി കാര്‍ നീങ്ങി. സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന്‍ കാറിന് പിന്നാലെ ഓടി. കാവല്‍ക്കാരനെ കണ്ടതോടെ വാഹനം പുറകോട്ടെടുത്തു. പാര്‍ലമെന്റ് വളപ്പിലുണ്ടായിരുന്ന ഉപരാഷ്ട്രപതിയുടെ വാഹനത്തില്‍ കാര്‍ ഇടിച്ചു.

വാഹനത്തില്‍ നിന്ന് ഇറങ്ങിയ അഞ്ച് ഭീകരര്‍ വെടിയുതിര്‍ത്തു. എകെ 47 തോക്കുധാരികളായ അഞ്ച് ലഷ്‌കര്‍ ഇ-ത്വയ്ബ, ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇതോടെ അപായമണി മുഴങ്ങി. പാര്‍ലമെന്റിന്റെ കവാടങ്ങള്‍ അടച്ചു. മുപ്പത് മിനിറ്റ് നേരത്തെ പോരാട്ടത്തിനൊടുവില്‍ അഞ്ച് തീവ്രവാദികളേയും സുരക്ഷാസേന വധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ആഭ്യന്തരമന്ത്രിയായിരുന്ന എല്‍കെ അദ്വാനി ഉള്‍പ്പെടെ നൂറിലേറെ ജനപ്രതിനിധികള്‍ അവിടെ ഉണ്ടായിരുന്നു.

ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ ജമ്മുകാശ്മീരില്‍ അറസ്റ്റ് ചെയ്തു. ദില്ലി സാക്കിര്‍ ഹുസൈന്‍ കോളജ് അധ്യാപകനായ എസ് എ ആര്‍ ഗീലാനി, ഷൗക്കത്ത് ഹുസൈന്‍ ഗുരു, ഷൗക്കത്തിന്റെ ഭാര്യ നവ്‌ജോത് സന്ധുവെന്ന അഫ്‌സാന്‍ ഗുരു എന്നിവരെയും പൊലീസ് പിടികൂടി. ഇതില്‍ ഗീലാനിയേയും അഫ്‌സാന്‍ ഗുരുവിനെയും പിന്നീട് കോടതി കുറ്റവിമുക്തരാക്കി. അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്കും ഷൗക്കത്തിനെ പത്ത് വര്‍ഷം കഠിന തടവിനും ശിക്ഷ വിധിച്ചു. 2013 ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി.