IFFK 2022: ഞായറാഴ്ച 64 ചിത്രങ്ങൾ, മത്സരവിഭാഗത്തിൽ നാല് ചിത്രങ്ങൾ

0
48

നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 സിനിമകൾ രാജ്യാന്തര മേളയുടെ മൂന്നാം ദിനത്തിൽ പ്രദർശിപ്പിക്കും. ടുണീഷ്യൻ ചിത്രം ആലം, റഷ്യൻ ചിത്രം കൺസേൺഡ് സിറ്റിസൺ, ബൊളീവിയയിലെ മലയോര പ്രദേശത്ത്‌ താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന ഉത്തമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സര ചിത്രങ്ങളാണ് ഞായറാഴ്ച പ്രദർശിപ്പിക്കുക.

ചരിത്രവും ദേശീയതയുമാണ് ഫിറാസ് ഖൗരി സംവിധാനം ചെയ്ത ആലത്തിന്റെ പ്രമേയം. സ്വർഗാനുരാഗികളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന കൺസേൺഡ് സിറ്റിസൺ റഷ്യയിലെ കുടിയേറ്റക്കാരുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.

ലിയോൺ പ്രുഡോവ്സ്‌കിയുടെ മൈ നെയ്ബർ അഡോൾഫ്, പ്രക്ഷുബ്‌ധമായ ഒരു അച്ഛൻ മകൾ ബന്ധത്തിന്റെ കഥ പറയുന്ന വാലെന്റിന മൗറേൽ ചിത്രം ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ് ,പലസ്തീൻ ചിത്രം ബിറം തുടങ്ങിയ 29 ലോകസിനിമയുടെ പ്രദർശനവും ഇന്നുണ്ടാകും .

അറ്റ്‌ലസ് രാമചന്ദ്രനുള്ള ശ്രദ്ധാഞ്ജലിയായി ഭരതൻ ചിത്രം വൈശാലിയുടെ പ്രദർശനവും ഞായറാഴ്ച നടക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയൻ ചിത്രങ്ങൾ ഒയാസിസ് ,അസ് ഫാർ അസ് ഐ കാൻ വാക്, ദി ബിഹെഡിങ് ഓഫ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.വഴക്ക് ,1001 നുണകൾ ,ആണ് ,ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും ,ഗ്രേറ്റ് ഡിപ്രഷൻ എന്നിവയാണ് ഞായറാഴ്ചത്തെ മലയാള ചിത്രങ്ങൾ.

മികച്ച ചിത്രം ഉൾപ്പെടെ കാനിൽ നാല് പുരസ്‌കാരം നേടിയ റോബിൻ ക്യാമ്പിലോ ചിത്രം 120 ബി പി എം ,തത്സമയ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കുന്ന ദി പാർസൺസ് വിഡോ, അലഹാന്ദ്രോ ജോഡ്രോ വ്സ്കിയുടെ ദി മോൾ എന്നിവയും ഞായറാഴ്ച പ്രദർശിപ്പിക്കും. റഷ്യൻ ചിത്രം ബോംബർ നമ്പർ ടുവിന്റെ അവസാന പ്രദർശനവും ഞായറാഴ്ച്ചയാണ് .