സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിങ്. പ്രതിഭാ സിങ് അനുകൂലികളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ വിധവയുമായ പ്രതിഭ സിംഗ് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സുഖുവിനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മുകേഷ് അഗ്‌നിഹോത്രി ഹിമാചലിന്റെ ഉപമുഖ്യമന്ത്രിയാകും. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. പ്രതിഭാ സിംഗിന്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേല്‍ പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതല്‍ പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കമാന്‍ഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കോണ്‍ഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങള്‍ക്ക് സുഖ്‌വിന്ദര്‍ നന്ദിയറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.