ഡല്‍ഹി ‘തൂത്തുവാരി’ എഎപി; അവസാനിച്ചത് 15 വര്‍ഷത്തെ ബിജെപി കുത്തക

0
41

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം കുറിച്ച് ആം ആദ്മി. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ 134 സീറ്റുകളാണ് എഎപി നേടിയിരിക്കുന്നത്. ഇതോടെ എഎപി കേവല ഭൂരിപക്ഷം സ്വന്തമാക്കി. 104 ഇടത്ത് ബിജെപിയും 8 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയം ഉറപ്പിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 250 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

2017ലെ തിരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181 ഉം ബിജെപി സ്വന്തമാക്കിയിരുന്നു.എംസിഡിയിലെ 15 വർഷത്തെ ബിജെപി ഭരണം അരവിന്ദ് കെജ്രിവാൾ പിഴുതെറിയുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ഡൽഹിയിലെ ജനങ്ങൾ വെറുപ്പിന്റെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ലെന്നാണെന്നും ഭഗവന്ത് മൻ കൂട്ടിച്ചേർത്തു. ആം ആദ്മിയുടെ പാർട്ടി ഓഫീസിൽ പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്.

ജമാ മസ്ജിദ് വാർഡിൽ എഎപിയുടെ സുൽത്താന അബാദ് വിജയിച്ചു. എ.എ.പി സ്ഥാനാർഥിയായ സരിക ചൗധരി ദര്യഗഞ്ച് സീറ്റിൽ കോൺഗ്രസിന്റെ ഫർഹാദ് സൂരിയെ 244 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ലക്ഷ്മി നഗറിൽ ബിജെപിയുടെ അൽക്ക രാഘവ് 3,819 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ രോഹിണി ഡി വാർഡിൽ പാർട്ടിയുടെ സ്മിതയും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ അങ്കുഷ് നാരംഗ് രഞ്ജീത് നഗർ മണ്ഡലത്തിൽ വിജയിച്ചു.സുൽത്താൻപുരി എ വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ബോബി വിജയിച്ചു. ഇതാദ്യമായാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റി വിഭാഗത്തിൽ നിന്നും ഒരാൾ വിജയിക്കുന്നത്.

എംസിഡിയുടെ 250 സീറ്റുകളിലേക്കാണ് ഡിസംബർ നാലിന് വോട്ടെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിൽ 250 വാർഡുകളിലായി 1349 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ 15 വർഷമായി ഡൽഹി എംസിഡിയുടെ നിയന്ത്രണം ബിജെപിക്കാണ്. എന്നാൽ ഇത്തവണ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്നാണ് എക്‌സിറ്റ് പോളുകളിൽ കാണുന്നത്.

42 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണലിനായി 68 തിരഞ്ഞെടുപ്പ് നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ റിട്ടേണിംഗ് ഓഫീസറാണ് വോട്ടെണ്ണൽ നടത്തുന്നത്. ഇതിന് പുറമെ ഇസിഐഎല്ലിന്റെ 136 എഞ്ചിനീയർമാരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.