ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ വൈകിട്ട് നാല് മണിക്ക് ശേഷം റോഡ് അടയ്ക്കും. രാത്രിയില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കടുവാ പേടിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. മേഖലയില്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു.
കണ്ണൂര്‍ ഇരിട്ടി മേഖലയില്‍ 6 ദിവസമായി കടുവ പേടിയിലാണ് ജനം. വിളമന, കുന്നോത്ത്, മുണ്ടയം പറമ്പ് പ്രദേശങ്ങളില്‍ ആളുകള്‍ കടുവയെ കണ്ടതോടെ ഡിഎഫ്ഒ ഉള്‍പെടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ക്യാമറ സ്ഥാപിക്കാനും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായിരിക്കുകയാണ്. ആദ്യം അഭ്യുഹമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പലരും കടുവയെ കണ്ടതോടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
ഇരിട്ടി-കൂട്ടുപുഴ അന്തര്‍ സംസ്ഥാന പാത മുറിച്ചുകടക്കുന്ന കടുവയെ വാഹന യാത്രികരായിരുന്നു കണ്ടത്. ചൊവ്വാഴ്ച രാത്രി കൂട്ടുപുഴയില്‍ നിന്നും വരികയായിരുന്ന കാര്‍ യാത്രികരാണ് കടുവയെ കണ്ടത്. നേരത്തെ മലയോര മേഖലകളില്‍ പലയിടത്തും കടുവയെ പലരും കണ്ടിരുന്നു. കടുവാ ഭീതി വ്യാപിച്ചതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍. മേഖലയില്‍ വനംവകുപ്പ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.