മലപ്പുറം ജില്ലയില്‍ എല്ലാ വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

0
70

മലപ്പുറം ജില്ലയില്‍ എല്ലാ വിദ്യാര്‍ത്ഥികളും മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അംഗന്‍വാടികളിലെയും കുട്ടികള്‍ മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. അഞ്ചാം പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. കൂടാതെ അഞ്ചാം പനി ചികിത്സയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

നേരത്തെ തിരൂര്‍, മലപ്പുറം ഉപജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ രോഗ വ്യാപനം വീണ്ടും കൂടിയതോടെയാണ് ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയത്.

മലപ്പുറം ജില്ലയിലെ 5 വയസിന് താഴെയുള്ള 89,000 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. കുത്തിവെപ്പ് കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷനെതിരെയും ജില്ലയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. തുടര്‍ന്ന് മതസംഘടനകളുടെ പ്രതിനിധികളെ വിളിച്ച് ചേര്‍ത്ത് കളക്ടര്‍ യോഗം നടത്തിയിരുന്നു.