വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം നിരോധിച്ച് ഇന്തോനേഷ്യ

0
83

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും സഹവാസവും നിയമവിരുദ്ധമാക്കി ഇന്തോനേഷ്യ (Indonesia). ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പുതിയ ക്രിമിനല്‍ കോഡാണ് ഇന്തോനേഷ്യ പാസാക്കിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ബാധകമാമാണ്‌. ഇത് കൂടാതെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ പാന്‍കാസില, എന്നറിയപ്പെടുന്ന ഇന്തോനേഷ്യയുടെ ദേശീയ പ്രത്യയശാസ്ത്രത്തെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് ഏകകണ്ഠമായാണ് പുതിയ ക്രിമിനല്‍ കോഡ് അംഗീകരിച്ചത്.

‘സംവാദം നടന്ന പ്രധാനപ്പെട്ട വിഷയങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ശിക്ഷാ നിയമ ഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുക്കാനും നമുക്ക് പാരമ്പര്യമായി ലഭിച്ച കൊളോണിയല്‍ ക്രിമിനല്‍ കോഡ് ഉപേക്ഷിക്കാനും സമയമായി,’ യാസോന ലാവോലി, നിയമ-മനുഷ്യാവകാശ മന്ത്രി വോട്ടെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റില്‍ പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമത്തിന്റെ ഒരു പൂര്‍ണ്ണ കരട് 2019 സെപ്റ്റംബറില്‍ പുറത്തിറക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സമീപ വര്‍ഷങ്ങളില്‍ മതപരമായ യാഥാസ്ഥിതികത വര്‍ദ്ധിച്ചുവരികയാണ്. മദ്യവും ചൂതാട്ടവും നിരോധിച്ചിരിക്കുന്ന അര്‍ദ്ധ സ്വയം ഭരണാധികാരമുള്ള ആഷെ പ്രവിശ്യ ഉള്‍പ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. സ്വവര്‍ഗരതി, വ്യഭിചാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്കായി പ്രദേശത്ത് പരസ്യമായി ചാട്ടവാറടിയും നിലവിലുണ്ട്‌.