വാ​ഹന പൊളിക്കൽ നയം; 15 വർഷം കഴിഞ്ഞ വാഹനങ്ങളെല്ലാം പൊളിക്കണോ

0
87

15 വ‌ർഷം കഴിഞ്ഞ സർക്കാ‍ർ വാ​ഹനങ്ങളും അടുത്ത വർഷം ഏപ്രിലിൽ പൊളിക്കേണ്ടി വരും. വാഹന പൊളിക്കൽ നയത്തിൽ കെഎസ്ആർടിസിയുടെ കാര്യത്തിൽ ഇളവ് തേടുന്നുണ്ട്. വാഹനം പൊളിക്കൽ നയമെന്ത്? കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കേണ്ടി വരുമോ? കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വാഹനം പൊളിക്കൽ നയത്തെപ്പറ്റി വിശദമായി അറിയാം.

സ്ക്രാപ്പ് പൊളിസി

കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊളിക്കൽ നയം പ്രഖ്യാപിച്ചത്. ഇത്തരം വാഹനങ്ങളുടെ മലിനീകരണതോത് വർധിക്കുന്നതും പൊളിക്കുന്നതിന്റെ കാരണമാണ്. ഇതിനായാണ് കേന്ദ്ര സർക്കാർ സ്ക്രാപ്പേജ് പോളിസി (വാഹനം പൊളിക്കൽ നയം) നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് വഴി പുതിയ വാഹനങ്ങളുടെ വിൽപന വർധിക്കും.

15 വർഷം കഴിഞ്ഞ കോമേഷ്യൽ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൂ. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലാണ് ഫിറ്റ്നസ് പാസാകേണ്ടത്.

മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച്, ഒരു പാസഞ്ചർ വാഹനത്തിന് 15 വർഷവും കോമേഷ്യൽ വാഹനങ്ങൾക്ക് 10 വർഷവുമാണ് രജിസ്ട്രേഷൻ കാലാവധി. ഈ പരിധി കഴിഞ്ഞും ഉപയോ​ഗിക്കുന്ന വാഹനങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. പുതിയതിനെ അപേക്ഷിച്ച് ഇന്ധനവും കൂടുതലായി ഉപയോ​ഗിക്കും.

പൊളിക്കുന്നത് ഏതെല്ലാം വാ​ഹനങ്ങൾ ?

15 വർഷം കഴിഞ്ഞ കോമേഷ്യൽ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുമാണ് ഇ തിൽ ഉൾപ്പെടുന്നത്.കാലാവധി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാകണം. ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കില്ല. ഇതോടെ വാഹനം പൊളിക്കേണ്ടി വരും. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കുന്ന വാഹനങ്ങൾ പൊളിക്കേണ്ട എന്നാൽ രജിസ്ട്രേഷൻ പുതുക്കുമ്പോൾ റോഡ് ടാക്സായി വൻ തുക നൽകേണ്ടി വരുന്നു.

​എന്താണ് ഫിറ്റ്നസ് ടെസ്റ്റ്?

ഫിറ്റ്നസ് ടെസ്റ്റിലൂടെ ഒരു വാഹനം അതിന്റെ സാങ്കേതിക കാലാവധിയ്ക്ക് ശേഷം ഉപയോ​ഗിക്കാൻ പറ്റുന്നതാണോയെന്ന് പരിശോധിക്കും. മലിനീകരണതോതും മനസ്സിലാക്കാൻ സാധിക്കും. ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്ററുകളിലാണ് എല്ലാ ഫിറ്റ്നസ് ടെസ്റ്റുകളും നടത്തുന്നത്.

വിന്റേജ് കാറുകൾ

വിന്റേജ് കാറുകൾക്ക് പ്രത്യേക മാർഗനിർദേശങ്ങളുണ്ട്. പുതിയ നിയമം അനുസരിച്ച് 50 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങളെ വിന്റേജ് അല്ലെങ്കിൽ ക്ലാസിക് ആയി പരിഗണിക്കും. ഇത്തരം വാഹനങ്ങൾ പുതുതായി റജിസ്റ്റർ ചെയ്യുന്നതിന് 20,000 രൂപയും രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപയും ചെലവാകും.

പഴയ വാഹനം പൊളിച്ചാൽ എന്താണ് നേട്ടം?

കാലാവധി കഴിഞ്ഞ വാഹനം പൊളിച്ച് പുതിയത് വാങ്ങുമ്പോൾ വാഹന ഉടമകൾക്ക് സ്ക്രാപ്പേജ് പോളിസിയുടെ ഭാഗമായി നഷ്ടപരിഹാരം ലഭിക്കും. പഴയ വാഹനം ഉപേക്ഷിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ റോഡ് നികുതിയുടെ 25 ശതമാനം വരെ ഇളവ് ലഭിക്കും. സ്ക്രാപ്പിങ് സ‌ർട്ടിഫിക്കറ്റ് നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ ഇളവ് ലഭിക്കാം.

പൊളിക്കൽ നയം എന്ന് മുതൽ ?

വാ​ഹന പൊളിക്കൽ നയം വാണിജ്യ വാ​ഹനങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. 2023 ഏപ്രിൽ 1 മുതൽ വാണിജ്യ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വിധേയമാക്കണം. അതിന്ശേഷം സ്വകാര്യ വാഹനങ്ങളുടെ ടെസ്റ്റ് നടക്കും.