വയലിൽ കുഴൽ കിണറിന് കുഴിയെടുക്കുന്നതിന് സ്വർണ്ണാഭരണങ്ങളടങ്ങിയ മൺപാത്രം കണ്ടെത്തി. 17 സ്വർണ നാണയങ്ങളടങ്ങിയ മൺപാത്രമാണ് കണ്ടെത്തിയത്. കുഴൽ കിണറിനായി പൈപ്പ് ഇടുന്നതിനിടെയാണിത്. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ എടുവാദല പാലം ഗ്രാമത്തിലാണ് സംഭവം. എടുവാദല പാലം വില്ലേജിലെ മനുകൊണ്ട സത്യൻനാരായണയുടേതാണ് വയലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കുഴൽ കിണറിന് പൈപ്പ് സ്ഥാപിക്കുന്നതിനായി വയലിൽ കുഴിയെടുക്കുന്നതിനിടെയാണ് മൺപാത്രം കണ്ടത്. ഉടൻ തന്നെ തഹസിൽദാരുടെ ശ്രദ്ധയിൽ പെടുത്തുകയും അവർ വയലിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ വയലിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ പക്കൽ നിന്ന് ഒരു നാണയം കൂടി ഉദ്യോഗസ്ഥർ കണ്ടെത്തി.
സ്വർണനാണയവും അത് സൂക്ഷിച്ചിരുന്ന മൺപാത്രവും പിടിച്ചെടുത്തു. 61 ഗ്രാം ഭാരമുള്ള 18 നാണയങ്ങളാണ് പിടിച്ചെടുത്തതെന്ന് കൊയ്യാലഗുഡെം തഹസിൽദാർ പി നാഗമണി പറഞ്ഞു. സ്വർണനാണയങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറി ട്രഷറിയിൽ നിക്ഷേപിക്കും.