Thursday
1 January 2026
31.8 C
Kerala
HomeKeralaഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കി

ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കി

ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ നാല് പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മുൻകൂർ ജാമ്യാപേക്ഷകളിൽ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതിക്ക് നിർദേശം നൽകി. ജസ്റ്റിസ് എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് നിർദേശം നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുക്കും വരെ പ്രതികളെ അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

‘ഈ അപ്പീലുകളെല്ലാം അനുവദനീയമാണ്. ഹൈക്കോടതി പാസാക്കിയ മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവുകൾ റദ്ദാക്കുകയും പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും ഹൈക്കോടതിയുടെ സ്വന്തം മെറിറ്റിൽ വീണ്ടും തീരുമാനിക്കാൻ തിരിച്ചയക്കുന്നു. ഈ കോടതി രണ്ട് കക്ഷികളുടെയും മെറിറ്റുകളിൽ ഒന്നും നിരീക്ഷിച്ചിട്ടില്ല.’- സുപ്രീംകോടതി പറഞ്ഞു.

‘ആത്യന്തികമായി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടത് ഹൈക്കോടതിയാണ്. മുൻകൂർ ജാമ്യാപേക്ഷകൾ ഈ ഉത്തരവ് വന്ന് നാലാഴ്ചയ്ക്കുള്ളിൽ എത്രയും വേഗം തീർപ്പാക്കണമെന്ന് ഞങ്ങൾ ഹൈക്കോടതിയോട് അഭ്യർത്ഥിക്കുന്നു.’- ബെഞ്ച് പറഞ്ഞു.

കേരള മുൻ ഡിജിപി സിബി മാത്യൂസ്, ഗുജറാത്ത് മുൻ എഡിജിപി ആർബി ശ്രീകുമാർ എന്നിവരും മറ്റ് മൂന്ന് പേരും കേസിലെ പ്രതികളാണ്. 1994-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങളാണെന്നും സിബിഐ ആരോപിച്ചു.

1994ലെ ചാരക്കേസിലെ ഗൂഢാലോചനയുടെ ഭാഗമായി കുറ്റാരോപിതരായ മുൻ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലുകളിൻമേലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ നവംബർ 28ന് സുപ്രീം കോടതി മാറ്റിവെച്ചിരുന്നു. കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ഹർജിക്കാരിൽ ഒരാളുടെ അഭിഭാഷകനായ കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കേരള മുൻ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) സിബി മാത്യൂസിന് കർണാടക ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് നവംബറിൽ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments