സര്‍വൈവല്‍ ത്രില്ലറുകളെ വെല്ലുന്ന കഥ; യുവാക്കള്‍ എണ്ണക്കപ്പലിന്റെ അടിഭാഗത്തിരുന്ന് യാത്ര ചെയ്തത് 11 ദിവസങ്ങള്‍

0
57

എണ്ണക്കപ്പലിന്റെ അടിഭാഗത്തുള്ള റെഡ്ഡറില്‍ മുറുകെപ്പിടിച്ച് ആര്‍ത്തലയ്ക്കുന്ന കടലിനെ മാത്രം നോക്കി 11 ദിവസങ്ങള്‍… താണ്ടിയത് 5000ല്‍ അധികം കിലോമീറ്ററുകള്‍… ജലോപരിതലത്തില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വിറയ്ക്കുന്ന ശരീരങ്ങളുമായി മൂന്ന് പേര്‍ നടത്തിയ അതിജീവനപ്പോരാട്ടം സര്‍വൈവല്‍ ത്രില്ലറുകളേക്കാള്‍ ഉദ്വേഗഭരിതമായിരുന്നു.

കഴിഞ്ഞ മാസം 17ന് നൈജീരയിലെ ലാഗോസില്‍ നിന്നും പുറപ്പെട്ട എണ്ണക്കപ്പലിന്റെ അടിഭാഗത്താണ് നൈജീരിയയില്‍ നിന്നുള്ള മൂന്നുപേര്‍ കയറിപ്പറ്റിയത്. ആ ചെറിയ ഇടത്തില്‍ മൂന്നുപേരും 11 ദിവസത്തോളം കഴിച്ചുകൂട്ടി. ഇതാദ്യമായല്ല നൈജീരിയയില്‍ നിന്നും ഇത്തരം കപ്പലുകളില്‍ ആളുകള്‍ രഹസ്യമായി കയറാന്‍ ശ്രമിക്കുന്നത്. അത്യന്തം അപകടം പിടിച്ച ഈ യാത്രയില്‍ എല്ലാവര്‍ക്കും അതിജീവിക്കാന്‍ സാധിക്കണമെന്നില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസര്‍ ക്‌സെമ സന്‍ടാന പറഞ്ഞു.

11 ദിവസങ്ങള്‍ക്കുശേഷം ഗ്രാന്‍ കാനേറിയയിലെ ലാസ് പാല്‍മാസില്‍ വച്ചാണ് ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നത്. മൂന്നുപേര്‍ക്കും കഠിനമായ നിര്‍ജലീകരണവും ഹൈപ്പോതെര്‍മിയയും ബാധിച്ചിരുന്നു. 2020ല്‍ ലാഗോസില്‍ നിന്നും ഒരു പതിനഞ്ചുവയസുകാരന്‍ ഇത്തരത്തില്‍ കപ്പലില്‍ യാത്ര ചെയ്തിരുന്നു. കടലില്‍ നിന്ന് ഉപ്പുവെള്ളം കുടിച്ചാണ് കുട്ടി ജീവന്‍ നിലനിര്‍ത്തിയിരുന്നത്.