‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയ്‌ക്കെതിരായ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് നദാവ് ലപിഡ്

0
43

ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഐഎഫ്എഫ്‌ഐ ജൂറി അധ്യക്ഷനും ഇസ്രായേലി സംവിധായകനുമായ നദാവ് ലപിഡ്. പരാമര്‍ശം ആരേയും അപമാനിക്കാന്‍ ആയിരുന്നില്ലെന്ന് നദാവ് ലപിഡ് പറഞ്ഞു. തന്റെ വാക്കുകള്‍ക്ക് പിന്നീടുണ്ടായ വ്യാഖ്യാനങ്ങളില്‍ ഖേദമുണ്ട്.

ബുദ്ധിമുട്ട് അനുഭവിച്ച മനുഷ്യരേയോ അവരുടെ ബന്ധുക്കളേയോ അപമാനിക്കാന്‍ വേണ്ടിയായിരുന്നില്ല സിനിമയ്‌ക്കെതിരായ പരാമര്‍ശം. താന്‍ പറഞ്ഞത് സ്വന്തം അഭിപ്രായം മാത്രമായിരുന്നില്ലെന്നും എല്ലാ ജൂറികളുടേയും അഭിപ്രായം കൂടി കണക്കിലെടുത്തായിരുന്നു തന്റെ പരാമര്‍ശങ്ങളെന്നും നദാവ് കൂട്ടിച്ചേര്‍ത്തു.

ദി കശ്മീര്‍ ഫയല്‍സ് അന്താരാഷ്ട്ര ചലച്ചിത്ര മേള ജൂറിയെ ഞെട്ടിച്ചെന്നും അസ്വസ്ഥരാക്കിയെന്നുമായിരുന്നു ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡിന്റെ പരാമര്‍ശം. ഇക്കാര്യം സമാപന ചടങ്ങില്‍ അദ്ദേഹം തുറന്ന് പറഞ്ഞതോടെ വലിയ വിവാദമായി.

ദി കശ്മീര്‍ ഫയല്‍സ് ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി, ചിത്രത്തിലെ അഭിനേതാക്കളായ അനുപം ഖേര്‍, പല്ലവി ജോഷി എന്നിവര്‍ നദാവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ ഗോവയിലും ഡല്‍ഹിയിലും നാദവ് ലാപിഡിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതിന് ശേഷം നവാദിനെ തള്ളി ഇസ്രയേല്‍ രംഗത്തെത്തി. നദാവിന്റെ നിലപാട് ഇസ്രായേലിന്റെ അഭിപ്രായമല്ലെന്നും അംഗികരിക്കാന്‍ സാധിക്കില്ലെന്നും ഇസ്രായേല്‍ സ്ഥാനപതി വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ചരിത്ര സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിന് മുമ്പ് സംസാരിക്കുന്നത് വിവേകശൂന്യവും ധാര്‍ഷ്ട്യവുമാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍ വ്യക്തമാക്കി. ദി കശ്മീര്‍ ഫയല്‍സിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നത് ഇന്ത്യയിലെ ഒരു ‘തുറന്ന മുറിവ്’ ആണ്. ഈ സംഭവങ്ങള്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത പലരും ഇപ്പോഴും നമുക്ക് ചുറ്റുമുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.