ലോകത്തിലെ ഏറ്റവും വലിയ ചേരികളില്‍ ഒന്നായ മുംബൈയിലെ ധാരാവിയുടെ പുനര്‍വികസനത്തിന്റെ ചുമതല ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 259 ഹെക്ടര്‍ നീണ്ടുകിടക്കുന്ന ധാരാവിയുടെ മുഖം മിനുക്കാനുള്ള പദ്ധതി വന്‍ തുകയ്ക്ക് ലേലം വിളിച്ചാണ് അദാനി സ്വന്തമാക്കിയത്. കമ്പനി 5,069 കോടി രൂപ ലേലത്തില്‍ വെച്ചിരുന്നു. കടുത്ത മത്സരത്തിന് പോലും വഴിയൊരുക്കാതെ ആധികാരികമായാണ് അദാനി ഗ്രൂപ്പ് ലേലം സ്വന്തമാക്കിയത്. 2,025 കോടി രൂപ വിളിച്ച ഡിഎല്‍എഫിനെയാണ് അദാനി മറികടന്നത്.
‘ഞങ്ങള്‍ ഉടന്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിന് അയയ്ക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്വിആര്‍ ശ്രീനിവാസ് പറഞ്ഞു. സര്‍ക്കാരിത് പരിഗണിക്കുകയും അന്തിമ അനുമതി നല്‍കുകയോ ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുമെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
മൊത്തം 20,000 കോടി രൂപയുടെ പദ്ധതിക്കാണ് ബിഡ്. 2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന 6.5 ലക്ഷം ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി ഏഴ് വര്‍ഷമാണ് സമയം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ മുംബൈയിലെ ലക്ഷക്കണക്കിന് ചതുരശ്ര അടി പാര്‍പ്പിടവും വാണിജ്യപരവുമായ ഇടം വിറ്റ് ഉയര്‍ന്ന വരുമാനം ബുക്ക് ചെയ്യാന്‍ ലേലം നേടുന്നവരെ സഹായിക്കുന്നതാണ് പദ്ധതി. എന്നാല്‍ ചില സങ്കീര്‍ണ്ണതകള്‍ കാരണം നിരവധി വര്‍ഷങ്ങളായി പദ്ധതി അനിശ്ചിതത്വത്തിലാണ്.
ഒക്ടോബറില്‍ നടന്ന പ്രീ-ബിഡ് മീറ്റില്‍ ദക്ഷിണ കൊറിയയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എട്ട് ബിഡര്‍മാര്‍ പങ്കെടുത്തിരുന്നു, അവരില്‍ മൂന്ന് പേര്‍ പദ്ധതിക്കായി ലേലം വിളിച്ചിരുന്നു. മുംബൈ അടിസ്ഥാനമാക്കിയ ഡവലപ്പറായ നമാന്‍ ഗ്രൂപ്പും പങ്കെടുത്തവരിലുണ്ട്.
വിജയിക്കുന്ന ബിഡ് തിരഞ്ഞെടുക്കുന്നതിന് കുറഞ്ഞത് 20,000 കോടി രൂപയുടെ ഏകീകൃത ആസ്തിയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഏറ്റവും ഉയര്‍ന്ന ലേലക്കാരന് പദ്ധതി നല്‍കുന്നതിന് മുമ്പ് സാങ്കേതികവും സാമ്പത്തികവുമായ യോഗ്യതകള്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.