IFFI 2022: സുവർണ മയൂരം നേടി ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്’

0
87

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം കോസ്റ്റാറീക്കൻ സംവിധായകൻ വാലന്റീന മോറെൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസിന്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക് സമ്മാനിച്ചു. നടി ആശ പരേഖിനാണ് ദാദാ സാഹിബ് പുരസ്‌കാരം. ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ഇയർ പുരസ്‌കാരം തെലുങ്ക് നടൻ ചിരഞ്ജീവി ഏറ്റുവാങ്ങി.

നോ എൻഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് വാഹിദ് മൊബഷേരി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിലെ പ്രകടനത്തിന് ഡാനിയേല മരീൻ നവാരോ മികച്ച നടിയായി. നോ എൻഡിലൂടെ നാദെർ സേവർ മികച്ച സംവിധായകനായി. പ്രവീൺ കണ്ട്രെ​ഗുള സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സിനിമാ ബണ്ടി പ്രത്യേക ജൂറി പരാമർശം ഏറ്റുവാങ്ങി. ബിഹൈൻഡ് ദ ഹേസ്റ്റാക്സിലൂടെ അസിമിന പ്രൊഡ്രോ മികച്ച നവാ​ഗത സംവിധായികയായി.

183 അന്താരാഷ്ട്ര ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഈ മാസം 20 മുതല്‍ 28 വരെ നടന്ന മേളയിലെ ഫോക്കസ് രാജ്യം ഫ്രാന്‍സായിരുന്നു. ഓസ്ട്രേലിയന്‍ ചിത്രമായ ‘അല്‍മ ആന്‍ഡ് ഓസ്‌കര്‍’ ആയിരുന്നു ഉദ്ഘാടന ചിത്രം. ക്രിസ്‌തോഫ് സനൂസിയുടെ ‘പെര്‍ഫെക്ട് നമ്പര്‍’ ആയിരുന്നു സമാപന ചിത്രം.

ഇസ്രായേലി സംവിധായകന്‍ നാദല് ലാപിഡ് ആണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. സ്പാനിഷ് സംവിധായകന്‍ വാവിയര്‍ അന്‍ഗുലോ ബാർട്ടറന്‍, സംവിധായകന്‍ സുദീപ്‌തോ സെന്‍, സംവിധായിക പാസ്കല്‍ ചാവന്‍സ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.