സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കണം; യുഎൻ ചൈനയോട്

0
81

രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കണമെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ) തിങ്കളാഴ്‌ച ചൈനയോട് അഭ്യർത്ഥിച്ചു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കാൻ ബീജിംഗ് ശ്രമിക്കുന്നതിനാൽ, സമാധാനപരമായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ആളുകളെ തടവിലാക്കരുതെന്ന് യുഎൻ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

“അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി പ്രതിഷേധങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നു. സമാധാനപരമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് ആരെയും ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കരുത്” യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് ജെറമി ലോറൻസിനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു.

നേരത്തെ ചൈനയുടെ സീറോ-കോവിഡ് നയം ഗുണകരമല്ലെന്നും, ലോകമെമ്പാടുമുള്ള എല്ലാവർക്കും സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും നിലപാട് പ്രഖ്യാപിച്ച് യുഎസ് രംഗത്ത് വന്നിരുന്നു. ” സീറോ കോവിഡ് നയം യുഎസ് പിന്തുണക്കുന്നില്ല, ചൈനയിലെ ജനങ്ങൾക്ക് സീറോ കോവിഡ് നയം ബുദ്ധിമുട്ട് ഉണ്ടാക്കും, ഇത് കോവിഡ് വ്യാപനം തടയുകയുമില്ല” യുഎസ് വക്താവ് വ്യക്തമാക്കി.

സീറോ കോവിഡ് നയം കർശനമായി നടപ്പാക്കുന്നതിനെതിരെ ചൈനയിലുടനീളം പ്രതിഷേധങ്ങൾ നടന്നു വരികയാണ്. പുതിയ നിയമം അനുസരിച്ച് ഒരു താമസക്കാരൻ കോവിഡ് പോസിറ്റീവ് ആയാൽ അടുത്തുള്ള അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ പോലും നിയന്ത്രണത്തിന് കീഴിലാവും. ഇത് ആളുകൾക്ക് വലിയ അസൗകര്യമുണ്ടാക്കുന്നുണ്ട്.

ചൈനയിലെ പല പ്രദേശങ്ങളും മൂന്ന് മാസത്തിലേറെയായി ലോക്ക്ഡൗണിലായിരുന്നു. ജനങ്ങളാവട്ടെ കോവിഡ് മരണ സംഖ്യ ഉയരാൻ കാരണം അടച്ചിലാണെന്ന് ആരോപിച്ച് രംഗത്ത് വരികയാണ്. ഷാങ്ഹായിലെ തെരുവുകളിൽ കഴിഞ്ഞ രണ്ട് രാത്രികളിലും കോവിഡ് നയത്തിനെതിരെ പ്രതിഷേധം നടന്നെങ്കിലും പോലീസ് തടഞ്ഞിരുന്നു. അടച്ചിടൽ പിൻവലിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ടും സമരം ശക്തമാണ്.