Friday
19 December 2025
20.8 C
Kerala
HomeKeralaകെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവം; 4 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവം; 4 കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

എറണാകുളത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പാറശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, പി.എച്ച്.ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ. മനോജ് എന്നിവർക്കെതിരെയാണു നടപടി. ഇക്കഴിഞ്ഞ 21ന് എറണാകുളത്തു നിന്നു തിരുവനന്തപുരം കളിയിക്കവിളയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്‍റെ മുൻവശത്തെ ടയർ ഊരിതെറിച്ച സംഭവത്തിൽ അന്വേഷണ വിധേയമായിയാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ബസിന്റെ മുൻവശത്തെ ഇടതു ചക്രത്തിൽ നിന്നു ശബ്ദം കേൾക്കുന്നുവെന്ന് 18ാം തിയതി തന്നെ ഡ്രൈവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പരാതി പരിഹരിക്കുന്നതിന് പാറശാലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെക്കാനിക്കുമാരെ ഏൽപിച്ചെങ്കിലും അവർ വീഴ്ച വരുത്തിയെന്നാണു കണ്ടെത്തൽ. അസി.ഡിപ്പോ എൻജിനീയർ ശിവൻകുട്ടി കഴിഞ്ഞ ഒരുമാസമായി ഒരു ബസ് പോലും സൂപ്പർവൈസ് ചെയ്തില്ലെന്നും കണ്ടെത്തി. ബസ് കരുവാറ്റയിൽ ബ്രേക്ക് ഡൗൺ ആയപ്പോൾ ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ.മനോജ് ശരിയായ പരിശോധന നടത്തിയില്ലെന്നും റിപോർട്ടിൽ പറയുന്നു

കൊച്ചി ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടമുണ്ടായത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചു പോയത്. അപകടം നടക്കുമ്പോൾ ബസിൽ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാൽ റോഡിൽ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്. റോഡരികിൽ നിര്‍ത്തിയിട്ട ഒരു കാറിലേക്കാണ് തെറിച്ചു പോയ ടയര്‍ പോയി ഇടിച്ചു നിന്നത്. കാറിന് നേരിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അപകടത്തിന് പിന്നാലെ എറണാകുളം ഡിപ്പോയിൽ നിന്നും ജീവനക്കാര്‍ എത്തി ബസിൻ്റെ അറ്റകുറ്റപ്പണി നടത്തി മറ്റൊരു ടയര്‍ പുനസ്ഥാപിച്ചാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയത്.

RELATED ARTICLES

Most Popular

Recent Comments