കാമുകിയായ ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കിയ അഫ്താബ് പൂനാവാലയെ ഡല്‍ഹി കോടതി 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അഫ്താബിനെ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലേക്ക് മാറ്റും.
അംബേദ്കര്‍ ഹോസ്പിറ്റലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അഫ്താബിനെ കോടതിയില്‍ ഹാജരാക്കിയത്. അഫ്താബിനെ പോലീസ് രാവിലെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചാണ് അഫ്താബ് പൂനാവാലയുടെ മെഡിക്കല്‍ പരിശോധനകള്‍ പോലീസ് ഇന്ന് പൂര്‍ത്തിയാക്കിയത്.
ഉച്ചയ്ക്ക് 2.30 ഓടെ അഫ്താബുമായി ഡല്‍ഹി പോലീസ് ആശുപത്രിയിലേക്ക് മടങ്ങിയെത്തി. അവിടെ നിന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ശ്രദ്ധയ്ക്കും അഫ്താബിനുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും ഉണ്ടായിരുന്നതായി ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ”ഒരിക്കല്‍ അവള്‍ എന്നെ വാട്ട്സ്ആപ്പില്‍ ബന്ധപ്പെടുകയും അവളുടെ വസതിയില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് രാത്രികൂടി അവിടെ താമസിച്ചാല്‍ അഫ്താബ് തന്നെ കൊല്ലുമെന്ന് അവള്‍ പറഞ്ഞിരുന്നു.” – ലക്ഷ്മണ്‍ നാടാര്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
പൂനാവാലയെ മാരത്തണ്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. പോളിഗ്രാഫ് ഫലങ്ങള്‍ കൂടി പരിശോധിച്ച ശേഷം തിങ്കളാഴ്ച നാര്‍ക്കോ അനാലിസിസ് ടെസ്റ്റിനും അഫ്താബ് പൂനാവാലയെ വിധേയനാക്കും.
ശ്രദ്ധയും അഫ്താബും ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. 2019 മുതല്‍ ഒരുമിച്ച് ജീവിക്കുകയും ചെയ്തു വന്നിരുന്നു. ഈ വര്‍ഷം മെയ് 8 ന് അവര്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറി. പത്ത് ദിവസത്തിന് ശേഷം മെയ് 18ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന് 35 കഷ്ണങ്ങളാക്കി.