‘സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട’; സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി

0
43

ഫുട്‌ബോളിലെ താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന സമസ്തയുടെ നിലപാട് തള്ളി കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. കായിക പ്രേമികളെ പ്രകോപിപ്പിക്കേണ്ടതില്ല. താരാരാധന കായിക പ്രേമികളുടെ വികാരമാണ്. ആ ആരാധനകള്‍ സമയത്ത് നടക്കും. അതില്‍ ഇഷ്ടമുള്ളവര്‍ പങ്കെടുക്കും’. മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.

ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമായിരുന്നു സമസ്ത ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ വാക്കുകള്‍. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടി.

‘വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളില്‍ റസൂല്‍ ഏര്‍പ്പെട്ടതും പത്നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാര്‍ പള്ളിയില്‍ നടത്തിയ കായികാഭ്യാസങ്ങള്‍ നോക്കിക്കാണുവാന്‍ പ്രവാചകന്‍ പത്നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. എന്നാല്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വേണം കളിയും. കാര്യം വിട്ട് കളിയില്ല. നമസ്‌കാരം കൃത്യസമത്ത് നിര്‍വഹിക്കുന്നതില്‍നിന്നും തടസ്സപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം.’. സമസ്തയുടെ ജുമുഅ പ്രസംഗത്തില്‍ പറയുന്നു.

പിന്നാലെ നിലപാട് വ്യക്തമാക്കി രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരടക്കം രംഗത്തെത്തി. ഫുട്‌ബോള്‍ എല്ലാവര്‍ക്കും ആവേശമാണെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീറിന്റെ പ്രതികരണം. ഫുട്‌ബോളിനെ ഈ കാലഘട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെയാണ് കാണുന്നത്. അമിതാവേശത്തില്‍ ഒന്നും സംഭവിക്കരുത്. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീര്‍ പറഞ്ഞു.