ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ശുപാര്‍ശ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് കോടതിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുപാര്‍ശയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥര്‍ക്കും നോണ്‍ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥര്‍ക്കും രണ്ടു വര്‍ഷം സര്‍വീസ് നീട്ടിക്കിട്ടും.
ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത സെപ്തംബര്‍ 26ലെ ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ നിര്‍ദേശം പിന്‍വലിക്കേണ്ടി വന്നിരുന്നു.