ചരിത്രത്തിലാദ്യാമായി ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോഴ്സ് (ഡിഎസ്എസ്സി), ഡിഫന്‍സ് സര്‍വീസസ് ടെക്നിക്കല്‍ സ്റ്റാഫ് കോഴ്സ് (ഡിഎസ്ടിഎസ്സി) പരീക്ഷകളില്‍ 6 വനിതാ ഉദ്യോഗസ്ഥര്‍ വിജയിച്ചു. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ഈ പരീക്ഷ നടത്തുന്നത്. ഇവരില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് തമിഴ്നാട്ടിലെ വെല്ലിംഗ്ടണിലുള്ള ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ ഒരു വര്‍ഷത്തെ പരിശീലന കോഴ്‌സ് നല്‍കുമെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
ശേഷിക്കുന്ന രണ്ട് വനിതാ ഓഫീസര്‍മാരില്‍ ഒരാള്‍ ഡിഫന്‍സ് സര്‍വീസസ് ടെക്നിക്കല്‍ സ്റ്റാഫ് കോഴ്സിന്റെ റിസര്‍വ് ലിസ്റ്റിലും മറ്റേയാള്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സ് (എഎല്‍എംസി)/ ഇന്റലിജന്‍സ് സ്റ്റാഫ് കോഴ്സ് (ഐഎസ്സി) എന്നിവയ്ക്കായും ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓപ്പറേഷന്‍, മിലിട്ടറി ഇന്റലിജന്‍സ്, ഓപ്പറേഷന്‍ ലോജിസ്റ്റിക്‌സ്, സ്റ്റാഫ് നിയമനങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷന്‍ എന്നിവയില്‍ പരിശീലനവും ഓറിയന്റേഷനും നല്‍കും. ഇന്ത്യന്‍ ആര്‍മിയിലെ 1500-ലധികം ഉദ്യോഗസ്ഥര്‍ പ്രവേശന പരീക്ഷ എഴുതുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. ഈ വര്‍ഷം ആദ്യമായി കരസേനയിലെ 22 വനിതാ ഉദ്യോഗസ്ഥരെ (ആര്‍മി സര്‍വീസ് കോര്‍പ്‌സ്, ആര്‍മി എയര്‍ ഡിഫന്‍സ്, ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്‌സ്, കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സ്, കോര്‍പ്‌സ് ഓഫ് ഇന്റലിജന്‍സ്, കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സ്, കോര്‍പ്‌സ് ഓഫ് ഇഎംഇ) എന്നിവയില്‍ സ്ഥിരപ്പെടുത്തിയിരുന്നു.