ഖാലിസ്ഥാനി ഭീകരന്‍ ഹര്‍വീന്ദര്‍ റിന്‍ഡ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം

0
63

വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയായ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡയെ പാക്കിസ്ഥാനില്‍ വച്ച് വെടിവെച്ചുകൊന്നതായി ഗുണ്ടാസംഘമായ ദേവീന്ദര്‍ ഭംബിഹ സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടു.

മെയ് മാസത്തില്‍ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) ആക്രമണത്തിന്റെയും ലുധിയാന കോടതി സ്ഫോടനത്തിന്റെയും മുഖ്യ സൂത്രധാരന്‍ ഹര്‍വീന്ദര്‍ സിംഗ് റിന്‍ഡയാണ് . പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂസൈ വാലയുടെ കൊലപാതക കേസിലും ഇയാളുടെ പേര് ഉയര്‍ന്നിരുന്നു . വിവിധ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ഇയാള്‍ നിരോധിത ഖാലിസ്ഥാനി സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലില്‍ അംഗമായിരുന്നു.

എന്നാല്‍, കിഡ്നി തകരാറിലായതിനെ തുടര്‍ന്ന് 15 ദിവസത്തോളമായി ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹര്‍വീന്ദര്‍ സിംഗ് റിന്ഡ അവിടെ വച്ച് മരിച്ചുവെന്നാണ് സംസ്ഥാന പോലീസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. റിന്‍ഡയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.