കൊച്ചിയിൽ അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തി; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
90

കൊച്ചിയിൽ അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ന​ഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകര്‌‍‍ കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും പരാതി നൽകിയിരുന്നു.

ബാലാവകാശ നിയമങ്ങൾക്ക് വിരുദ്ധമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എറണാകുളം സെൻട്രൽ പൊലീസിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചത്.

അതേസമയം തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം ലഭിച്ചു.തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം. അറസ്റ്റിലായി പതിനഞ്ചാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.

കേസിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്‌ഐമാർക്കും റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു.