പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ പ്രതി കിരൺ ഒളിവിലാണെന്നാന്ന് സൂചന. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. അധ്യാപകനെതിരെ പോക്സോ കേസാണ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയിരുന്നു. കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി സുധീഷ് കുമാറിനെയാണ് കീഴ്‌വായ്പ്പൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും ബസ്സിറങ്ങിയ കുട്ടി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു പീഡനം.
തിങ്കളാഴ്ച്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറഞ്ഞു. തുടർന്ന് അമ്മ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. വനിതാപൊലീസ് വീട്ടിലെത്തി മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കുട്ടിയുടെ മൊഴിപ്രകാരമാണ് സുധീഷ് കുമാറിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ചെങ്ങരൂരുള്ള വീട്ടിൽ നിന്നും പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇയാളെ ഫോണിലൂടെ കുട്ടിയെ കാണിച്ചു. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനെതുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.