പലസ്തീനിലെ ഗാസയിൽ തീപിടിത്തത്തിൽ 21 പേർ മരിച്ചു. ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 10 കുട്ടികളും ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയത്.
അഭയാർഥി ക്യാമ്പിലെ വീട്ടിൽ നിന്നും പാചക വാതകം ചോർന്നതാണ് തീപിടിത്തതിന് കാരണമായാത്. മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പലസ്തീൻ അധികൃതർ പറയുന്നത്. നാലുനില കെട്ടിടത്തിന്റെ അടുക്കളയിൽ നിന്നായിരുന്നു വാതക ചോർച്ച ഉണ്ടായത്.
പരിക്കേറ്റവരെ ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഗാസയിലെ എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഒന്നാണ് ജബാലിയ. സംഭവത്തെ തുടർന്ന് ഇന്ന് ദുഃഖാചരണമാണ്.