പ്രാസംഗികനും മതനേതാവുമായ അദ്നാൻ ഒക്തറിന് തുർക്കിയിലെ കോടതി 8658 വർഷം ജയിൽ ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി എന്നീ കുറ്റങ്ങളുടെ പേരിലാണ് അദ്നാൻ ഒക്തറിന് 8658 വർഷം തടവ് വിധിച്ചത്. നേരത്തെ 1075 വർഷത്തേക്കായിരുന്നു ഒക്തറിനെ ശിക്ഷയ്ക്ക് വിധിച്ചത്. അതാണ് ഇപ്പോൾ 8658 വർഷമായി വർധിപ്പിച്ചത്. 2018ൽ ഒക്തറിൻറെ നൂറ് കണക്കിന് അനുനായികളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാം മതത്തിൻറെ പേരിൽ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ ഭാഗമായെന്നതിൻറെ പേരിലായിരുന്നു അറസ്റ്റ്. ഒക്തറിൻറെ ചാനലും അന്ന് അടച്ച് പൂട്ടിയിരുന്നു.
തന്റെ തന്നെ ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ മേലുള്ള ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനർവിചാരണയിലാണ് ഇസ്താംബൂളിലെ കോടതിയുടെ സുപ്രധാന വിധി. പൂച്ചക്കുട്ടികൾ എന്ന പേരിൽ അറിയപ്പെടുന്ന യുവതികളുടെ വലയത്തിനുള്ളിലായിരുന്നു ഒക്തറിനെ മിക്കപ്പോഴും കാണാൻ സാധിച്ചിരുന്നത്. രാഷ്ട്രീയപരമായും മതപരമായുമുള്ള കാര്യങ്ങൾ വിശദീകരിക്കാനെത്തുമ്പോൾ അൽപ വസത്രധാരികളായ ഈ യുവതികളുടെ സാന്നിധ്യം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
ഒക്തറിന്റെ അനുയായികളായ 236 പേർക്കൊപ്പം നടന്ന വിചാരണയിലാണ് ഇയാൾക്ക് ഇത്രയധികം വർഷത്തെ തടവ് ശിക്ഷ വിധിക്കുന്നത്. പുതിയ കോടതി വിധിപ്രകാരം അദ്നാൻ ഒക്തറിന്റെ 891 വർഷത്തെ തടവ് വ്യക്തിപരമായി ചെയ്ത കുറ്റകൃത്യത്തിനും ശേഷിച്ച വർഷങ്ങൾ അനുനായികൾ ചെയ്ത കുറ്റങ്ങൾക്കുമാണ്. സ്വന്തം ചാനലിലൂടെ നടത്തിയ പ്രഭാഷണങ്ങളിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തുർക്കിയിൽ ഏറെ പ്രശസ്തനായിരുന്നു ഒക്തർ.