ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടരാജി. സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞുപോകാമെന്നുമുള്ള ഇലോൺ മസ്‌കിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണിത്. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനോടകം രാജിവെച്ചത്. ഇതോടെ കമ്പനിയുടെ ഓഫീസുകൾ പലതും താത്കാലികമായി അടച്ചുപൂട്ടി.
ജീവനക്കാർ ‘അങ്ങേയറ്റം കഠിനാധ്വാനം’ ചെയ്യണമെന്ന് ഇലോൺ മസ്‌ക് നിർദ്ദേശം നൽകിയിരുന്നു. പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനകം അറിയിക്കണമെന്ന് മസ്‌ക് അറിയിച്ചു. അല്ലാത്തവർക്ക് പിരിഞ്ഞു പോകാമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ജീവനക്കാർ കൂട്ടത്തോടെ രാജിവെച്ചത്.
ട്വിറ്ററിന്റെ ഇന്റേണൽ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ സ്ലാക്കിൽ രാജിവെച്ചതായുള്ള സന്ദേശങ്ങളും ഇമോജികളും ജീവനക്കാർ പോസ്റ്റ് ചെയ്തതായാണ് വിവരം. കൂടാതെ മസ്‌കിന്റെ അന്ത്യശാസനം നിരസിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ആകെയുള്ള 7500 ജീവനക്കാരിൽ പകുതിയിലേറെ പേരെയും പിരിച്ചു വിട്ടിരുന്നു.