സ്വന്തം തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്‌തയാൾ പിടിയിൽ

0
62

മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തട്ടിക്കൊണ്ടുപോയ ആളാണെന്ന് വിശ്വസിപ്പിച്ച് ഇയാൾ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. പണം നൽകിയില്ലെങ്കിൽ മകനെ 300 കഷ്‌ണങ്ങളാക്കി മുറിക്കുമെന്ന് പറഞ്ഞ് ഇയാൾ സ്വന്തം പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

കാൺപൂരിലെ ബാരയിലെ ദാമോദർ നഗർ നിവാസിയായ ചന്ദ്രകാന്ത് തിവാരി നവംബർ 14ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസിനെ സമീപിച്ചു. തന്റെ മകൻ സോമനാഥ് തിവാരി ജലസേചന വകുപ്പിലാണ് ജോലി ചെയ്‌തിരുന്നതെന്ന് ചന്ദ്രകാന്ത് പരാതിയിൽ പറയുന്നു. നവംബർ 13ന് രാവിലെ ജോലിക്ക് പോയ ഇയാൾ തിരിച്ചെത്തിയില്ല. പിറ്റേന്ന് വൈകുന്നേരം ചന്ദ്രകാന്തിനും ഭാര്യക്കും മരുമകൾക്കും ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു.

“നിങ്ങളുടെ മകനെ, ഭർത്താവിനെ രക്ഷിക്കണമെങ്കിൽ നാളെ വൈകുന്നേരം 4 മണിക്കകം 30 ലക്ഷം രൂപ തയ്യാറാക്കി വെക്കുക. ഇക്കാര്യം പോലീസിനോട് പറയരുത്, അല്ലാത്തപക്ഷം നിങ്ങളുടെ മകനെ ഞങ്ങൾ 300 കഷ്‌ണങ്ങളാക്കും” എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ചന്ദ്രകാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

“പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സോമനാഥ് തിവാരി സ്വന്തം തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്‌തതാണെന്ന് പോലീസ് കണ്ടെത്തി. ഇതിനായി ഇയാൾ ഘടാഘറിലെ ഹോട്ടൽ തേജസ് ഇന്നിൽ താമസിച്ചു. താൻ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്ന് വിശ്വസിപ്പിക്കാൻ ഇയാൾ തന്റെ കുടുംബാംഗങ്ങൾക്ക് വ്യാജ ഫോട്ടോകൾ പോലും അയച്ചു നൽകിയിരുന്നു” കാൺപൂർ സൗത്ത് ഡിസിപി പ്രമോദ് കുമാർ വ്യക്തമാക്കി.