കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

0
70

തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. ആര്‍മി റിക്രൂട്ട്മെന്റ് ബാംഗ്ലൂര്‍ സോണ്‍ ഡി.ഡി.ജി. ബ്രിഗേഡിയര്‍ എ. എസ്. വലിമ്പേയുടെയും, ജില്ലാ പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. 24 വരെയാണ് റാലി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്കാണ് കൊല്ലത്ത് തുടക്കമാവുന്നത്. ഇന്ന് ആരംഭിക്കുന്ന റിക്രൂട്ട്‌മെന്റ് ഈ മാസം 29 വരെ നീണ്ടുനില്‍ക്കും. കരസേനയിലെ വിവിധ തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കും.

37000 ത്തിനടുത്ത് ഉദ്യോഗാര്‍ത്ഥികളാണ് കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്കായി കൊല്ലത്തേക്ക് എത്തുന്നത്. അഗ്‌നീവീര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, മതപഠന അധ്യാപകര്‍ എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുക. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയമാണ് റിക്രൂട്ട്‌മെന്റിന് വേദിയാവുക.

സ്റ്റേഡിയത്തിലെ താമസസൗകര്യവും മറ്റെല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഒരുക്കിയത്. തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മനീഷ് ഭോല നേരിട്ട് എത്തിയാണ് കാര്യങ്ങള്‍ ക്രമീകരിച്ചത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇ-മെയിലില്‍ ലഭിച്ച അഡ്മിറ്റ് കാര്‍ഡിനൊപ്പം ഒര്‍ജിനല്‍ രേഖകളും ഹാജരാക്കണം. അതേസമയം വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ രീതിയില്‍ സമീപിക്കുന്നവരെ കുറിച്ച് പൊലീസ് സ്റ്റേഷനിലോ ആര്‍മി യൂണിറ്റിലോ വിവരമറിയിക്കാനും നിര്‍ദ്ദേശമുണ്ട്.